Section

malabari-logo-mobile

ഐഎസ്എല്‍: മുംബൈയെ തോല്പിച്ച് ഹൈദരാബാദ്; കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍

HIGHLIGHTS : ISL; Kerala Blasters in the semis

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍. മുംബൈ സിറ്റി ഹൈദരാബാദ് എഫ്‌സിയോട് തോറ്റതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സെമി ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ ജയം. കൊവിഡ് കാരണം പല പ്രധാന താരങ്ങളുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.

മത്സരത്തിന്റെ 14ആം മിനിട്ടില്‍ തന്നെ ഹൈദരാബാദ് മുന്നിലെത്തി. ഗോള്‍ വേട്ടക്കാരന്‍ ബാര്‍തലോമ്യു ഓഗ്ബച്ചെ ഇല്ലാതെയിറങ്ങിയ ഹൈദരാബാദിനായി ഇന്ത്യന്‍ യുവതാരം രോഹിത് ദാനുവാണ് ആദ്യ ഗോളടിച്ചത്. ജുവാനന്റെ അസിസ്റ്റില്‍ നിന്നാണ് ദാനു വല കുലുക്കിയത്. മറുപടി ഗോളിനായി കിണഞ്ഞുശ്രമിച്ച മുംബൈയെ ഞെട്ടിച്ച് 41ആം മിനിട്ടില്‍ ഹൈദരാബാദ് വീണ്ടും ഗോളടിച്ചു. ഇത്തവണ മുഹമ്മദ് യാസിറിന്റെ അസിസ്റ്റില്‍ നിന്ന് ജോയല്‍ ചിയാനീസ് ആണ് ഗോള്‍ നേടിയത്. ആദ്യ പകുതി മടക്കമില്ലാത്ത 2 ഗോളുകള്‍ക്ക് പിന്നിലായിരുന്ന മുംബൈ 76ആം മിനിട്ടില്‍ ഒരു ഗോള്‍ മടക്കി. മോര്‍ത്താദ ഫാള്‍ ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. അവസാന മിനിട്ടുകളില്‍ മുംബൈ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഹൈദരാബാദ് വഴങ്ങിയില്ല. ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ഒഴികെ സകല മേഖലകളിലും മുന്നിട്ടുനിന്ന മുംബൈക്ക് കനത്ത തിരിച്ചടിയാണ് റിസല്‍ട്ട്. 62 ശതമാനം ബോള്‍ പൊസിഷനാണ് മുംബൈക്കുണ്ടായിരുന്നത്.

sameeksha-malabarinews

ഹൈദരാബാദ് വിജയിച്ചതോടെ മുംബൈയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അവസാന നാല് ഉറപ്പിച്ചു. 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈയ്ക്ക് 31 പോയിന്റാണ് ഉള്ളത്. അതേസമയം, ഒരു മത്സരം കൂടി അവശേഷിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് 33 പോയിന്റുണ്ട്. അവസാന മത്സരത്തില്‍ പരാജയപ്പെട്ടാലും ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യും.

ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് സെമി യോഗ്യത നേടുന്നത്. ഉദ്ഘാടന സീസണില്‍ സെമിഫൈനല്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് 2016ലും അവസാന നാലിലെത്തി. ഈ രണ്ട് തവണയും ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. സ്റ്റീവ് കോപ്പലായിരുന്നു ആ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!