
ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. അഭിമാനത്തോടെ അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിലിൻ്റെ പ്രതികരണം. അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിൻ്റെ മകനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ അലി ലാരിജാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് വ്യക്തമാക്കിയിട്ടുണ്ട്.
അലി ലാരിജാനിയുടെ പിൻഗാമിയായി മൊഹ്‌സെൻ റെസായിയെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുതിർന്ന സൈനിക ഉപദേശകനാണ് റെസായി. ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ ആക്രമണം. ആണവനിലയത്തിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആണവനിലയത്തിന് സമീപം മിസൈൽ പതിച്ചതായാണ് റിപ്പോർട്ടുകൾ.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ച നയരൂപീകരണ വിദഗ്ധൻ കൂടിയായിരുന്നു അലി ലാരിജാനി. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ, യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നീ വിഷങ്ങളിൽ തീരുമാനം എടുക്കുന്നതിലും അലി ലാരിജാനിക്ക് നിർണ്ണായകമായ സ്വാധീനം ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




