Section

malabari-logo-mobile

ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാവരും മനസിലാക്കണം: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : 'Spread knowledge and save lives': June 26, International Anti-Drug Day

തിരുവനന്തപുരം: ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എല്ലാവരും മനസിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനസിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ വലിയ ദോഷം ചെയ്യും. ‘അറിവ് പകരുക ജീവനുകള്‍ രക്ഷിക്കുക’ എന്നതാണ് ഇത്തവണത്തെ ലഹരി വിരുദ്ധ ദിന സന്ദേശം. ലഹരികള്‍ വ്യക്തിജീവിതത്തേയും കുടുംബ ജീവിതത്തേയും അതിലുപരി സമൂഹത്തെ തന്നെയും ബാധിക്കുമ്പോഴാണ് മികച്ച അറിവിലൂടെയുള്ള പരിചരണത്തിന്റെ പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉല്‍പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.

sameeksha-malabarinews

സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ 19 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ആരോഗ്യ വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ കീഴില്‍ 14 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 291 ക്ലിനിക്കുകളിലൂടെയും ലഹരി വിമോചന ചികിത്സ ലഭ്യമാക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെയും മുതിര്‍ന്നവരെയും ബോധവല്‍ക്കരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്. ലഹരി ഉപയോഗത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നതോടൊപ്പം നാം ഓരോരുത്തരും ലഹരി ഉപയോഗിക്കില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!