HIGHLIGHTS : Input tax evasion under the guise of scrap: GST department raided

ആക്രിയുടെ മറവില്‍ വന്‍ നികുതി വെട്ടിപ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ (ഐ.ബി.) കോട്ടയം സി. ജി. അരവിന്ദിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റെ 8 യൂണിറ്റുകള്‍ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമായി 12 സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും പത്തോളം വ്യാപാരികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് മനസിലായിരുന്നു. ഇവര്‍ക്ക് പല തവണ സമണ്‍സ് നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴി നല്‍കാന്‍ ഹാജരായില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് മണിക്ക് പെരുമ്പാവൂരിലുള്ള ഇവരുടെ വസതികളില്‍ സായുധ പോലീസിന്റെ സഹായത്തോടെ പരിശേധന നടത്തിയത്. നികുതിവെട്ടിപ്പ് സംബന്ധിച്ച ചില രേഖകളും തെളിവുകള്‍ അടങ്ങുന്ന അഞ്ചോളം മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
ഏകദേശം 125 കോടി രൂപയുടെ വ്യാജ ബില്ലുണ്ടാക്കി ഈ സംഘം നികുതി വെട്ടിപ്പ് നടത്തിയതായും അതുവഴി 13 കോടി രൂപയോളം നികുതി വെട്ടിപ്പ് നടത്തിയതായുമാണ് അന്വേഷണത്തില്‍ വ്യക്തമായത്. വ്യാജ രജിസ്ട്രേഷന്‍ എടുക്കാന്‍ കൂട്ടുനില്‍ക്കുകയും അതിനുവേണ്ട സഹായം നല്‍കുകയും ചെയ്യുന്ന മുഴുവന്‍ പേര്‍ക്കെതിരേയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ജി.എസ്.ടി കമ്മിഷണര്‍ അറിയിച്ചു.

സായുധ പോലീസ് സഹായത്തോടെ സംസ്ഥാന നികുതി വകുപ്പ് ആദ്യമായി നടത്തിയ പരിശോധനയാണ് പെരുമ്പാവൂരിലേത്. കോട്ടയം STO(IB) സി.ജി. അരവിന്ദ്, മട്ടാഞ്ചേരി STO(IB) ബേബി മത്തായി, ആലപ്പുഴ STO(IB) രാജഗോപാല്‍, എന്നിവരുടെ നേതൃത്വത്തിലുള്ള ഐ.ബി. യൂണിറ്റുകളാണ് പങ്കെടുത്തത്. എറണാകുളം DC(IB) ജോണ്‍സണ്‍ ചാക്കോ സെര്‍ച്ചിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കെ.എ.പി. ഒന്നാം ബറ്റാലിയന്‍ തൃപ്പൂണിത്തുറ അസിസ്റ്റന്റ് കമാന്റന്റ് ആന്‍സണ്‍, സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സായുധ പോലീസ് സംഘമാണ് ജി.എസ്.ടി അന്വേഷണസംഘത്തെ സഹായിച്ചത്.