
ദില്ലി: പാകിസ്ഥാനില്‍ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ച് വ്യോമാതിര്‍ത്തി അടച്ച പാകിസ്താന്റെ നീക്കത്തിന് തിരിച്ചടിയായാണ് നടപടി. അടുത്ത മാസം 23 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതും, പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതും പാകിസ്ഥാനില്‍ ഉടമകളുള്ളതും പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ ലീസിനെടുത്തതുമായ വിമാനങ്ങള്‍ക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.
ഇന്നും ഇന്നലെയുമായി നടന്ന നിര്‍ണ്ണായ യോഗങ്ങള്‍ക്ക് പിന്നാലെ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കണ്ടു. വിദേശകാര്യ മന്ത്രിയുമൊത്താണ് മോദിയെ കണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ജലശക്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച സൗദി, സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു.
സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് വ്യോമമേഖലയും അടച്ചത്. സാമ്പത്തിക ഉപരോധം ശക്തമാക്കാനും ആലോചിക്കുന്നുണ്ട്. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം വിവിധ മന്ത്രാലയ സെക്രട്ടറിമാരുമായും മോദി കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്കാന്‍ സാഹചര്യവും സമയവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടെ വിശദമായ പദ്ധതി സൈന്യം പ്രധാനമന്ത്രിക്ക് നല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




