Section

malabari-logo-mobile

ചികിത്സയ്ക്ക് പണമില്ലാതെ മരിക്കുന്ന അവസ്ഥ ഒഴിവാക്കുക സർക്കാർ ലക്ഷ്യം ;മുഖ്യമന്ത്രി പിണറായി വിജയൻ

HIGHLIGHTS : ചികിത്സിക്കാൻ പണമില്ലാത്തതിനാൽ മരണമടയുന്ന അവസ്ഥ സംസ്ഥാനത്ത് ഒരാൾക്കും ഉണ്ടാകാതിരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ...

ചികിത്സിക്കാൻ പണമില്ലാത്തതിനാൽ മരണമടയുന്ന അവസ്ഥ സംസ്ഥാനത്ത് ഒരാൾക്കും ഉണ്ടാകാതിരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ഒരു പ്രയാസവും ഉണ്ടാകാതിരിക്കാനാണ് മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും മറ്റും കൂടുതൽ ശാക്തീകരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചികിത്സാസേവനസൗകര്യങ്ങൾ വലിയതോതിൽ ഉയർത്തി രോഗീസൗഹൃദമാക്കുകയാണ്. എല്ലാ മെഡിക്കൽ കോളേജുകളിലും ഈരീതിയിൽ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
വലിയമാറ്റം ആരോഗ്യരംഗത്ത് ദൃശ്യമാകുന്നുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തും. റീജിയണൽ കാൻസർ സെൻററിനും മലബാർ കാൻസർ സെൻററിനും പുറമേ, കേരളത്തിലാകെ മെഡിക്കൽ കോളേജുകളിൽ കാൻസർ ചികിത്സയ്ക്കായി ഉന്നതനിലവാരമുള്ള സൗകര്യമൊരുക്കുകയാണ്. കുടുംബാരോഗ്യകേന്ദ്രങ്ങളിലായി ഉയർത്തിയ ആശുപത്രികളിലും കൂടുതൽ രോഗികൾ എത്തുന്നുണ്ട്.
രോഗികൾക്ക് കൃത്യസമയത്ത് മെച്ചപ്പെട്ട സേവനത്തിനായി വിവിധ ചികിത്സാവിഭാഗങ്ങൾ പുതിയ മൾട്ടിസ്‌പെഷ്യാലിറ്റി ബ്‌ളോക്കിൽ ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്ക് ജെറിയാട്രിക് വിഭാഗം ഇവിടുത്തെ പ്രത്യേകതയാണ്. സംസ്ഥാനമാകെ മുതിർന്ന പൗരൻമാർക്ക് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കാനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. രോഗികൾക്ക് സമാധാനാന്തരീക്ഷം ഒരുക്കുന്നതും പ്രധാനമാണ്. ഇക്കാര്യത്തിൽ ഡോക്ടർമാരും നഴ്‌സുമാരും ജീവനക്കാരും പ്രത്യേകശ്രദ്ധ പതിപ്പിക്കണം.
25 വർഷത്തെ വികസനസാധ്യത മുന്നിൽക്കണ്ട് കരട് മാസ്റ്റർ പ്ലാൻ തയാറാക്കിയാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് കൂടുതൽ രോഗീസൗഹൃദമാക്കാൻ 711 കോടിയുടെ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിൽ ആദ്യഘട്ടമായി 58 കോടി അനുവദിച്ചിട്ടുണ്ട്. കൂടുതൽ ചികിത്സാസൗകര്യവും ഉപകരണങ്ങൾക്കുമൊപ്പം ഗതാഗത, മാലിന്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികളും മാസ്റ്റർ പ്ലാനിലുണ്ട്. മെഡിക്കൽ കോളേജ് നവീകരണത്തിന്റെ ഭാഗമായി സമ്പൂർണ ട്രോമാ കെയർ സംവിധാനം ഏർപ്പെടുത്താൻ അനുമതിയായിട്ടുണ്ട്.
എല്ലാകാര്യങ്ങളിലും സർക്കാരിന്റെ ഇടപെടലിനൊപ്പം നാടിന്റെയാകെ സഹായം സ്വീകരിച്ച് ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ വികസനസമിതികൾ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. എല്ലാ മെഡിക്കൽ കോളേജുകളും മാസ്റ്റർ പ്ലാൻ തയാറാക്കി അതിനനുസൃതമായി സൗകര്യങ്ങൾ വികസിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയും മേയർ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയുമായിരുന്നു.
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.എസ്. സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാ ബീവി, നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു സ്വാഗതവും സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് കൃതജ്ഞതയും പറഞ്ഞു.
വിവിധ സ്പെഷ്യാലിറ്റികളുടെ തീവ്രപരിചരണ വിഭാഗങ്ങളാണ് പ്രധാനമായും പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്. വെന്റിലേറ്റർ സംവിധാനമുള്ള 102 ഐ.സി.യു. കിടക്കകളും 44 ഹൈകെയർ കിടക്കകളും ഉൾപ്പെടെ 146 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. വിപുലീകരിച്ച ആധുനിക മോർച്ചറി, വയോജനങ്ങളുടെ സമ്പൂർണ ചികിത്സയ്ക്കായുള്ള ജെറിയാട്രിക് വിഭാഗം, സർജറി-ന്യൂറോ സർജറി വിഭാഗത്തിന്റെ പോളിട്രോമ വിഭാഗം, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് തീവ്ര പരിചരണം നൽകാനായുള്ള കാർഡിയാക് ഐ.സി.യു., ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ ഓപ്പറേഷൻ നടത്തുന്നതിനുള്ള കാർഡിയോ തൊറാസിക് ഓപ്പറേഷൻ തീയറ്റർ-ഐ.സി.യു എന്നിവയാണ് ഈ എഴുനില മന്ദിരത്തിൽ സജ്ജമാക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!