
പനാജി ; ഐഎസ്എല്‍ കിരീടം പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ സ്വന്തമാക്കി ഹൈദരബാദ് എഫ്‌സി നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോളുകള്‍ വീതമടിച്ച് ഹൈദ്രബാദും, കേരളാ ബ്ലാസ്‌റ്റേഴ്‌സും സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യത്തെ കിക്ക് തന്നെ തട്ടിത്തെറിപ്പിച്ച് ഹൈദരബാദ് ഗോള്‍കീപ്പര്‍ കട്ടിമണി കിരീടം തങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞുതുടങ്ങി. പിന്നീട് രണ്ടാമത്തെ നിഷികുമാറിന്റെ കിക്കും, നാലാമത്തെ ജിക്‌സണ്‍സിങ്ങിന്റെ ഷോട്ടും തടുത്തിട്ട് കട്ടിമണി ഹൈദരബാദിന്റെ വീരനായകനായി. ബ്ലാസ്‌റ്റേഴ്‌സ് ആയുഷ് അധികാരിയുടെ ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.
കളിയുടെ 68ാം മിനിറ്റില്‍ മലയാളി താരം രാഹുലിന്റെ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ചെയ്തത്. എന്നാല്‍ കളിയുടെ മുഴുവന്‍ സമയംകഴിയാന്‍ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സഹില്‍ ടവോരയുടെ മനോഹരമായ ഹാഫ് വോളി കിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെയും, ആരാധകരുടെയും നെഞ്ചിന്‍കൂട് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കളിയുടെ അധികസമയത്തും ആരും ഗോളടിക്കാത്തിതിനെ തുടര്‍ന്നാണ് പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ വിജയികളെ നിശ്ചയിച്ചത്.
കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ബ്ലാസറ്റേഴ്‌സിന് തന്നെയായിരുന്നു മുന്‍തൂക്കം. രണ്ട് തവണയാണ് പോസ്‌ററ് ബ്ലാസ്‌റ്റേഴസിന് മുന്നില്‍ വിലങ്ങുതടിയായത്. പന്തടക്കത്തിലും അവസരങ്ങള്‍ ഒരുക്കുന്നതിലും, പന്ത്‌കൈവശം വെക്കുന്നതിലും മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ കളിയുടെ അവസാനമിനുട്ടുകളില്‍ തങ്ങളുടെ പോസ്റ്റിലേക്ക് പന്ത് കയറിയതോടെ പതറി. പിന്നീട് ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഹൈദരബാദിനെയാണ് ഗോവന്‍മൈതാനത്ത് കണ്ടത്.
ഇതോടെ ഗാലറിയിലെ ആരാധകരുടെ കടുത്ത പിന്തുണയുണ്ടായിട്ടും മൂന്നാംതവണയും ഐഎസ്എല്‍ ഫൈനലില്‍ കണ്ണീരോടെ മടങ്ങാനായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ നിയോഗം. ഇതോടെ ഹൈദരബാദ് എഫ്‌സിയും ഒരു ചരിത്രം കുറിക്കുകയാണ്. ആദ്യമായാണ് അവര്‍ ഐഎസ്എല്‍ കിരീടം സ്വന്തമാക്കുന്നത്.




