പണം വരുമ്പോള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്താല്‍ വന്‍തുക കമ്മീഷന്‍; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വെയ്ക്കുന്നതായി സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പാര്‍ട്ട് ടൈം ജോലികളും ഓണ്‍ലൈന്‍ ജോലികളും തിരയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം പുതിയ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണത്രെ ഈ തട്ടിപ്പു സംഘത്തിന്റെ രീതി. തുടര്‍ന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തു. പലയിടങ്ങളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി ലഭിക്കുന്ന പണമായിരിക്കും ഇത്. തുക ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ നിശ്ചിത തുക കമ്മീഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് അയച്ചു നല്‍കുകയെന്നതാണ് ജോലി. ഉയര്‍ന്ന കമ്മീഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്.

എന്നാല്‍ വലിയ ചതിയാണ് ഇതിന് പിന്നില്‍ ഒളിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ മ്യൂള്‍ അക്കൗണ്ട് (വാടക അക്കൌണ്ട്) ആയി സൈബര്‍ തട്ടിപ്പുകള്‍ക്ക്
ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്ത യുവതീ യുവാക്കള്‍ തങ്ങള്‍ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുകയാണ് ചെയ്യുന്നത്.

ഇത്തരം സൈബര്‍ തട്ടിപ്പുസംഘത്തിന്റെ വലയില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്താന്‍ അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top