കോഴിക്കോട് : പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് വീടിനടുത്തുള്ള വയലില്‍വെച്ച് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ കൃത്യമായ വാക്‌സീനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
പത്തുദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
ചന്ദ്രികക്ക് ഒപ്പം മറ്റ് നാല് പേരെയും തെരുവ് നായ കടിച്ചിരുന്നുവെങ്കിലും ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.




