ഭവനനിര്‍മാണത്തിനുള്ള പൊതുശീലങ്ങളില്‍ മാറ്റംവരണം:മുഖ്യമന്ത്രി പിണറായി വിജയന്‍

ഭവനനിര്‍മാണത്തിനുള്ള പൊതുശീലങ്ങളില്‍ മാറ്റംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ഭവനനിര്‍മാണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പാര്‍പ്പിട ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള നിര്‍മാണത്തില്‍ പരിസ്ഥിതിസൗഹൃദ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാ ണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വരുത്തി പരിസ്ഥിതിക്ക് അനുകൂലമായതും ഭാവിതലമുറയ്ക്ക് ഗുണകരമാകുന്നതുമായ നിര്‍മാണങ്ങളാണ് പ്രോത്‌സാഹിപ്പിക്കേണ്ടത്. യുക്തിരഹിതമായ നിര്‍മാണങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയെപ്പോലും അട്ടിമറിക്കുകയാണ്. പ്രകൃതിവിഭവങ്ങളെ ചൂഷണംചെയ്തു അനിയന്ത്രിതമായ നിര്‍മാണങ്ങള്‍ക്ക് ഇനി അനുമതി നല്‍കാനാവില്ല. വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിന് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വീടുകള്‍ നിര്‍മിക്കുന്നത് അവരവരുടെ ആവശ്യത്തിനും സൗകര്യത്തിനുമായിരിക്കണം. അല്ലാതെ ആര്‍ഭാടവും പൊങ്ങച്ചവും കാട്ടാനാകരുത്. ആകാശസൗധങ്ങള്‍ മാത്രമല്ല, അടച്ചുറപ്പുള്ള ഒറ്റമുറിയും വീടാണെന്ന തിരിച്ചറിവ് വേണം.
ഭാവിയില്‍ വീടുകള്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും ഊര്‍ജ്ജക്ഷമവും ദുരന്തപ്രതിരോധശേഷിയുള്ളതും ആയിരിക്കാന്‍ നാം പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം. സാമൂഹ്യവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനാവുന്ന ഭവനനിര്‍മാണ സംസ്‌കാരം രൂപപ്പെടുത്താന്‍ പാര്‍പ്പിടദിനാചരണം പ്രേരണയാകണം.
അടച്ചുറപ്പുള്ള പാര്‍പ്പിടം ഓരോ മനുഷ്യന്റെയും അവകാശമാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 18.78 ദശലക്ഷം വീടുകള്‍ രാജ്യത്ത് കുറവുണ്ട്. പാര്‍പ്പിടങ്ങളുടെ കുറവുള്ളമ്പോഴും ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ കൂടുകയാണ്. കേരളത്തില്‍ കാലാകാലങ്ങളായി പൊതു ഇടപെടലിലൂടെ പാര്‍പ്പിടപ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാനായിട്ടുണ്ട്. ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്തെ ഭൂപരിഷ്‌കരണനയം ഭവനമേഖലയില്‍ വന്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ മികച്ച പാര്‍പ്പിടസൗകര്യത്തിനായി നടപടികളെടുത്തു. പാര്‍പ്പിടങ്ങളുടെ എണ്ണത്തില്‍മാത്രമല്ല, നിലവാരത്തിലും കേരളം ഒരുപാട് മുന്നോട്ടുപോയി.
വീടില്ലാത്ത ഒരാളും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ലൈഫ് മിഷനുമായി മുന്നോട്ടുപോകുന്നത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ മുന്നോട്ടുപോകവേയാണ് പ്രളയദുരന്തമുണ്ടായത്. കേരളത്തിന്റെ പുനര്‍നിര്‍മാണം വെല്ലുവിളിയാണ്. പഴയകേരളം പുനര്‍നിര്‍മിക്കുകയല്ല, പുതിയ കേരളം പടുത്തുയര്‍ത്തുകയാണ് ലക്ഷ്യം. കൂട്ടായ്മയിലൂടെ പുതുകേരളം കെട്ടിപ്പടുക്കാനും അതിജീവനത്തിന്റെ പുതുമാതൃക ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
നമ്മുടെ രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും ഖരമാലിന്യ കൂമ്പാരം ആരോഗ്യസംരക്ഷണത്തിന് കരിനിഴല്‍ പരത്തുകയും ഭൂഗര്‍ഭ ജല മലിനീകരണം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഖരമാലിന്യസംസ്‌കരണത്തിന് പ്രാധാന്യമുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതില്‍ സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവാസവ്യവസ്ഥ കൂടി പരിഗണിച്ചുള്ള പാര്‍പ്പിടനിര്‍മാണത്തിനാണ് പ്രാധാന്യം നല്‍കുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് പാര്‍പ്പിടദിന സന്ദേശം നല്‍കി. ചടങ്ങില്‍ ആസൂത്രണബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍ ആശംസയര്‍പ്പിച്ചു. ഭവനനിര്‍മാണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ സ്വാഗതവും ഹൗസിംഗ് കമ്മീഷണര്‍ ബി. അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഭവന നിര്‍മാണവും പരിസ്ഥിതിയും, പാര്‍പ്പിടപ്രശ്‌നം: പ്രളയാനന്തര കേരളത്തില്‍, നഗരങ്ങളിലെ ഖരമാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ സെമിനാറും പാര്‍പ്പിട പ്രശ്‌നോത്തരിയും നടന്നു. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെയും നിര്‍മിതി കേന്ദ്രയുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Related Articles