Section

malabari-logo-mobile

മാനവികതയായിരുന്നു ഗംഗാധരന്‍ മാഷിന്റെ രാഷ്ട്രീയം: സ്മരണ;

HIGHLIGHTS : കൂട്ടം വിട്ടു പോയവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും താങ്ങാവുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം

സ്മരണ; കുഞ്ഞികൃഷ്ണന്‍(വിദ്യഭ്യാസപ്രവര്‍ത്തകന്‍)
എഴുതുന്നു…

വിമര്‍ശനാത്മകമായി സമൂഹത്തെ വിശകലനം ചെയ്യുകയും തന്‍റെ വ്യതിരിക്തമായ ചിന്തയുടെ പ്രകാശത്താല്‍ പൊതു വ്യവഹാരമണ്ഡലത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നവരെയാണ് ബുദ്ധിജീവിയെന്ന് വിളിക്കേണ്ടത്. നാം ബുദ്ധിജീവികളെന്ന് കൊട്ടിഘോഷിച്ച പലര്‍ക്കും ആ പദം ചേരില്ലാത്തതുകൊണ്ടു തന്നെയാണ് ആ വിളിപ്പേര് പരിഹാസമായി പരിണമിച്ചത്. കേരള സമൂഹത്തിന്‍റെ ബൗദ്ധിക മണ്ഡലത്തെ തന്‍റെ ചിന്തകള്‍ കൊണ്ട് ഉഴുതുമറിച്ച അധികം പേരുകള്‍ നമുക്ക് പറയാനുണ്ടാവില്ല. കേസരി. എം.ഗോവിന്ദന്‍, സി.ജെ, എം.എന്‍ വിജയന്‍ എന്നിങ്ങനെ വിരലിലെണ്ണാവുന്ന വളരെ ചുരുക്കം പേരുകളുടെ കൂട്ടത്തില്‍ നമ്മുടെ സമകാലികനായ ഒരാളുണ്ടായിരുന്നു. ഇന്ന് നമ്മോട് യാത്ര പറഞ്ഞിറങ്ങിപ്പോയ ഡോ.എം ഗംഗാധരന്‍.

അദ്ദേഹം നമ്മുടെയിടയില്‍ ഉണ്ടായിരുന്നപ്പോള്‍ സമഗ്രമായി വിലയിരുത്തപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. പലരും പലതായി കണ്ട് ശരിയായി ആരാലും ശരിയായി കാണപ്പെടാതെ പോയ ഒരാളെന്ന വിശേഷണമാണ് അദ്ദേഹത്തിന് ചേരുക.
ചരിത്രകാരനായാണ് മിക്കവരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നത്. അദ്ദേഹത്തിന്‍റെ അക്കാദമിക ഇടപെടലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്ന് അത് തന്നെയായിരുന്നു. മലബാര്‍ കലാപത്തെക്കുറിച്ചുള്ള ഏറ്റവും സത്യസന്ധവും ആധികാരികവുമായ പഠനം അദ്ദേഹത്തിന്‍റെ തന്നെയാണ് ഇന്നും.

സാഹിത്യനിരൂപകനെന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ പ്രധാന സംഭാവനകളേറെയും ഉള്ളത്. മലയാളത്തിലെ ആധുനിക കവിതയുടെ വഴികാട്ടിയും സംരക്ഷകനുമായാണ് അദ്ദേഹം കുറേക്കാലം പ്രവര്‍ത്തിച്ചത്. ആറ്റൂരിന്‍റെയും കടമ്മനിട്ടയുടേയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെയും ആദ്യ സമാഹാരങ്ങള്‍ക്ക് അവതാരികയെഴുതിയത് ഒരാള്‍ തന്നെയായത് യാദൃശ്ചികമല്ല. ആധുനിക മലയാള കവിതയുടെ പുതിയ ഭാവപരിണാമങ്ങളെ ഉള്‍ക്കൊള്ളാനും അതിനോട് പ്രതികരിക്കാനും നിരൂപക വൃന്ദം അറച്ചു നിന്നപ്പോള്‍ അവയെ തുറന്ന മനസ്സോടെ സ്വീകരിക്കാനും വിശകലനം ചെയ്യാനും ഡോ . എം ഗംഗാധരന് കഴിഞ്ഞു.

വിവര്‍ത്തകന്‍ എന്ന നിലയില്‍ ഇടപെടലിനാണ് ആദ്യത്തെ സാഹിത്യ അക്കാദമി പുരസ്ക്കാരം അദ്ദേഹത്തെ തേടിയെത്തുന്നത് വസന്തത്തിന്‍റെ മുറിവ് എന്ന പുസ്തകത്തിന് (1998). അദ്ദേഹത്തിന്‍റെ ഒരു നിരൂപണ ഗ്രന്ഥം ആദ്യമായി  പുരസ്കൃതമാകുന്നത് 2015 ലാണ്. ഉണർവിന്റെ ലഹരിയിലേക്ക് എന്ന കൃതിക്ക് സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യാക്കാദമി പുരസ്കാരം നേടുന്നതിലൂടെ. മറ്റ് മേഖലകളിലെ ഇടപെടലുകള്‍ക്ക് ലഭിച്ചത്രയും പ്രാധാന്യം സാഹിത്യ വിമര്‍ശകന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ചിട്ടില്ലായെന്നതില്‍ അദ്ദേഹത്തിന് തന്നെ പരിഭവം ഉണ്ടായിരുന്നു.

എന്നാല്‍ എഴുതപ്പെട്ട പുസ്തകങ്ങളുടെയോ ലേഖനങ്ങളുടേയോ പേരിലല്ല ഗംഗാധരന്‍ മാഷിനെ വിലയിരുത്തേണ്ടത് എന്നണെനിക്ക് തോന്നിയിട്ടുള്ളത്.  കവിതയിലെന്ന പോലെ കേരളത്തിന്‍റെ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ വിവിധ തലങ്ങളില്‍ നടന്ന ആധുനികരണത്തോടൊപ്പം നിലയുറപ്പിച്ച ഒരാള്‍ എന്ന  നിലയില്‍ വേണം അദ്ദേഹത്തെ വിലയിരുത്താന്‍. സ്ത്രീവാദം, പരിസ്ഥിതി വാദം, വിദ്യാഭ്യാസ പരിഷ്ക്കരണം തുടങ്ങിയ വിവിധങ്ങളായ മേഖലകളിലെ പുതുപ്രവണതകളെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയെ പിന്തുണക്കുകയും ചെയ്തു. പ്രഖ്യാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സംഘടനകളോ കൂടെയില്ലാത്ത മുന്നേറ്റങ്ങള്‍ക്കും ചെറുത്തു നില്പുകള്‍ക്കുമൊപ്പം അദ്ദേഹം എക്കാലവും നിലകൊണ്ടു.

ഞാനദ്ദേഹത്തെ വ്യക്തിപരമായി പരിചയപ്പെടുന്നതും അത്തരമൊരു ചെറുത്ത് നില്‍പ്പിന്‍റെ ഭാഗമായാണ്. 1997 ല്‍ കേരളത്തില്‍ നടന്ന പാഠ്യപദ്ധതി പരിഷ്ക്കരണം വലിയ വിവാദ കൊടുങ്കാറ്റായി മാറിക്കൊണ്ടിരുന്ന കാലം. കേരളത്തിലെ മാധ്യമങ്ങളും സാമൂഹ്യ-പ്രതിരോധ സംഘടനകളുമെല്ലാം പാഠ്യപദ്ധതി പരിഷ്ക്കരണത്തിനെതിരെ വലിയ തോതില്‍ ആക്രമണം അഴിച്ചു വിട്ടിരുന്ന കാലം. വിവാദങ്ങള്‍ ഭയന്ന് ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വലിയാന്‍ തുടങ്ങിയ കാലം കൂടിയായിരുന്നു അത്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളില്‍ പലരും അന്ന് പരിഷ്ക്കരണത്തിനെതിരായ ഒരു ക്യാമ്പയിന്‍റെ മുഖ്യപ്രഭാഷകരായിരുന്നു. അത്തരമൊരു പരിപാടില്‍  സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട് വന്ന ഗംഗാധരന്‍ മാഷ് ആ യോഗത്തില്‍ വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തി. ഈ പാഠ്യപദ്ധതി പരിഷ്ക്കരണത്തില്‍ കഴമ്പുണ്ട്, ഇത്തരം പരിഷ്ക്കരണങ്ങളിലൂടെ മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ആ യോഗത്തിലെ അദ്ദേഹത്തിന്‍റെ പ്രഭാഷണം കേട്ട ഒരു സുഹൃത്താണ് അദ്ദേഹത്തെ നേരില്‍ പോയി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. പരപ്പനങ്ങാടിയിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. (അത് ദീര്‍ഘമായ ഒരു ബന്ധത്തിന്‍റെ തുടക്കമായിരുന്നു). പാഠ്യപദ്ധതി പരിഷ്ക്കരണ സംബന്ധമായ പുസ്തകങ്ങളൊന്നും അദ്ദേഹം അന്ന് വായിച്ചിരുന്നില്ല, തൊട്ടടുത്ത വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് കാര്യം മനസ്സിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പരിഷ്ക്കരണം ക്ലാസ്സ് മുറികളിലുണ്ടാക്കിയ ഉണര്‍വ് അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു. അതായിരുന്നു അത്തരമൊരു നിലപാടിലേക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം ആ വിഷയം ആഴത്തില്‍ പഠിച്ചു. തന്‍റെ സുഹൃത്തുക്കളായ സാംസ്ക്കാരിക നായകരോട് ഈ വിഷയം സംവദിച്ചു. ആധുനിക ബോധന സമീപനങ്ങളുടെ ശക്തനായ വക്താവായി അദ്ദേഹം മാറി. വിവിധയിടങ്ങളിലെ ചെറുതും വലുതുമായ പരിപാടികളില്‍ തന്‍റെ പ്രഭാഷണങ്ങള്‍ നടത്തി. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളായ ഡോ അനന്തമൂര്‍ത്തിയുമായി ഞങ്ങളെ ബന്ധപ്പെടുത്തുന്നതും ഈ വിഷയവുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു. കേരള വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനായി അനന്തമൂര്‍ത്തി വന്നപ്പോള്‍ അദ്ദേഹം കമ്മീഷനു മുമ്പാകെ ഹാജരായി പാഠ്യപദ്ധതി പരിഷ്ക്കരണത്തില്‍ പിന്നീട് സംഭവിച്ച വെള്ളം ചേര്‍ക്കലുകളെക്കുറിച്ച് കൃത്യമായി വിശദീകരിച്ചു. ഞങ്ങളെ അനന്തമൂര്‍ത്തിക്ക് പരിചയപ്പെടുത്തി. അനന്തമൂര്‍ത്തിയുമായി അടുത്ത നാലു ദിവസത്തെ സായാഹ്നങ്ങളില്‍ സംവദിക്കാനുള്ള അസുലഭാവസരമാണ് അതു വഴി ഞങ്ങള്‍ക്ക് ലഭിച്ചത്. ആ ചര്‍ച്ചകളില്‍ ഉയര്‍ന്ന യുക്തിഭദ്രമായ ആശയങ്ങളെല്ലാം ഡോ.അനന്തമൂര്‍ത്തി തന്‍റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ആ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരിക്കലും വെളിച്ചം കണ്ടില്ലെങ്കിലും അതില്‍ ഡോ അനന്തമൂര്‍ത്തി മുന്നോട്ട് വെച്ച ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്, അതിന്‍റെ പ്രചോദനം ഡോ. എം.ഗംഗാധരന്‍റെ ചിന്തകള്‍ തന്നെയാണ്.

എം. ഗോവിന്ദന്‍ എഴുത്തിനപ്പുറത്തുള്ള  സംവാദങ്ങളിലൂടെയാണ് സമകാലികരായ യുവ എഴുത്തുകാരെ ബൗദ്ധികമായി സ്വാധീനിച്ചതെന്ന് നമുക്കറിയാം. ചെറിയ കൂട്ടായ്മകളിലൂടെയും ചര്‍ച്ചകളിലൂടെയും വികസിച്ച ഗോവിന്ദന്‍ സ്കൂള്‍ തന്നെയായിരുന്നു ഗംഗാധരന്‍മാഷിന്‍റെയും പാഠശ്ശാല. മാനവികത തന്നെയായിരുന്നു ഗംഗാധരന്‍ മാഷിന്‍റെയും രാഷ്ട്രീയം. അതില്‍ അദ്ദേഹം വെള്ളം ചേര്‍ക്കാന്‍ അനുവദിച്ചതുമില്ല. അതുകൊണ്ട് തന്നെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അദ്ദേഹം അകന്നു നിന്നു. അനീതികളോട് നിശിതമായി പ്രതികരിച്ചു. കൂട്ടം വിട്ടു പോയവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും താങ്ങാവുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. അത് പാഴായില്ല. ഇന്ന് കേരള സമൂഹം ആഘോഷപൂര്‍വ്വം ഏറ്റെടുക്കുന്ന പല ചിന്തകളും പ്രവണതകളും അവ നാമ്പിട്ടു തുടങ്ങിയ കാലത്ത് മുളയിലെ കരിച്ചു കളയാന്‍ കോപ്പു കൂട്ടുന്നവരോടെതിരിടാന്‍ കരുത്തായി ഗംഗാധരന്‍ മാഷ് കൂടെയുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്ന കുറേയേറെ ആളുകളുണ്ടാവും കേരളത്തില്‍. ചരിത്രകാരനായ ഡോ.എം ഗംഗാധരന്‍റെ ആ ഇടപെടലുകളുടെ ചരിത്രം ഒരു പക്ഷെ അവരുടെ മനസ്സുകളിലല്ലാതെ മറ്റൊരിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!