
തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ ഡോ.കെ എന്‍ പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.
നവതി ആഘോഷിക്കാനിരിക്കെയാണ് അദേഹത്തിന്റെ വിയോഗം. നാളെ പത്ത് മണി മുതല്‍ ജവഹര്‍ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. ശേഷം വൈകീട്ട് നാലുമണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.
ചരിത്ര രചനയില്‍ മാര്‍ക്‌സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് പലപ്പോഴും വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. വര്‍ഗീയ വല്‍കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്ന ചരിത്രകാരന്മാരില്‍ ഒരാളാണ് ഇദ്ദേഹം.
ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായി 1936ലാണ് ജനനം. ചാവക്കാട് ബോഡ് ഹൈസ്‌കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പി. എച്ഛ്. ഡിയും കരസ്ഥമാക്കി. പിന്നീട് ഡല്‍ഹി ജാവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്‌സ് ഓഫ് കണ്‍റ്റമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.പലവിദേശ സര്‍ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു. ഇപ്പോള്‍ കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്‌കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍.പണിക്കരുടെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്.
എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്‌സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്റൈസിംഗ് ഇന്‍ മലബാര്‍(1989),കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നസ് ഇന്‍ മോഡേണ്‍ ഇന്ത്യ(1990),
ബ്രിട്ടീഷ് ഡിപ്ലോമസി ഇന്‍ നോര്‍ത്ത് ഇന്ത്യ(1968),കള്‍ച്ചര്‍,ഐഡിയോളജി ആന്‍ഡ് ഹെഗിമണി: ഇന്റലച്ച്വല്‍സ് ആന്‍ഡ് സോഷ്യല്‍ കോണ്‍ഷ്യസ് നെസ്സ് ഇന്‍ കൊളോണിയല്‍ ഇന്ത്യ(1995),
കമ്മ്യൂണല്‍ ത്രെട്ട്, സെക്കുലര്‍ ചലഞ്ച്(1997),കണ്ടമ്പററി ഇന്ത്യ: കള്‍ച്ചര്‍ ആന്‍ഡ് പൊളിറ്റിക്‌സ്(2002),,ഇന്റെറോഗേറ്റിങ്ങ് കൊളോണിയല്‍ മോഡേണിറ്റി എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
രാജസ്ഥാന്‍ സ്വദേശിനി അന്തരിച്ച ഉഷാ ഭാര്‍ഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കള്‍.




