Section

malabari-logo-mobile

ഹയര്‍ സെക്കന്ററി ഫലപ്രഖ്യാപനം ജൂണ്‍ 20 ഓടു കൂടി- മന്ത്രി വി. ശിവന്‍കുട്ടി

HIGHLIGHTS : Higher Secondary results to be declared by June 20 Shivankutty

കോഴിക്കോട്: എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15 ഓടു കൂടിയും ഹയര്‍ സെക്കന്ററി ഫലം ജൂണ്‍ 20 ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍ കുട്ടി. 2022- 23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ പരിഗണിച്ച് നേരത്തെ നിശ്ചയിച്ച എന്‍.എസ്.എസ് ക്യാമ്പുകള്‍ മാറ്റി വെച്ചതായും മന്ത്രി പറഞ്ഞു.

2017-18 അധ്യയന വര്‍ഷത്തിലാണ് കൈത്തറി യൂണിഫോം പദ്ധതി ആരംഭിച്ചത്. ആദ്യ വര്‍ഷം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ രണ്ടാം വര്‍ഷം സര്‍ക്കാര്‍ യു.പി സ്‌കൂളുകളെ കൂടി ഉള്‍പ്പെടുത്തി. മൂന്നാമത്തെ വര്‍ഷം എയ്ഡഡ് എല്‍.പി സ്‌കൂളുകള്‍ കൂടി പദ്ധതിയുടെ ഭാഗമായി.

sameeksha-malabarinews

2022-23 അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂള്‍ വിഭാഗത്തില്‍ 1 മുതല്‍ 4 വരെയുള്ള എല്‍.പി സ്‌കൂളുകള്‍ക്കും 1 മുതല്‍ 5 വരെയുള്ള എല്‍.പി സ്‌കൂളുകള്‍ക്കും 1 മുതല്‍ 7 വരെയുള്ള യു.പി സ്‌കൂളുകള്‍ക്കും 5 മുതല്‍ 7 വരെയുള്ള യു.പി സ്‌കൂളുകള്‍ക്കുമാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. എയ്ഡഡ് സ്‌കൂള്‍ വിഭാഗത്തില്‍ 1 മുതല്‍ 4 വരെയുള്ള എല്‍.പി സ്‌കൂളുകള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്.

3,712 സര്‍ക്കാര്‍ സ്‌കൂളുകളിലും 3,365 എയ്ഡഡ് സ്‌കൂളുകളിലും അടക്കം ആകെ 7,077 സ്‌കൂളുകളിലെ 9,58,060 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 120 കോടി രൂപയാണ് കൈത്തറി യൂണിഫോം പദ്ധതിക്കായി ചെലവഴിക്കുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പാഠപുസ്തക അച്ചടി, വിതരണവും യൂണിഫോം വിതരണവും. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മാതൃകാപരമായും സമയബന്ധിതമായും ഇവ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് പരിമിതിക്കുള്ളിലും അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാന്‍ തുടങ്ങി എന്നത് വലിയ നേട്ടമാണ്- മന്ത്രി പറഞ്ഞു.

കോഴിക്കോട് നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. രേഖ, വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോന്‍സ മാത്യു, മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. മിനി, പ്രിന്‍സിപ്പല്‍ കെ. ബാബു, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!