ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു: 77.81 % വിദ്യാർഥികൾ ഉപരിപഠനത്തിനു യോഗ്യത നേടി, ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധനയും പുനർമൂല്യനിർണയവും

HIGHLIGHTS : Higher Secondary Exam Results Announced: 77.81% Students Qualify for Higher Studies, Ernakulam Leads

cite

2025 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷയിൽ 77.81 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2,002 സ്‌കൂളുകളിലായി സ്‌കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ നിന്ന് 3,70,642 പേർ പരീക്ഷ എഴുതിയതിൽ 2,88,394 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 78.69 ആയിരുന്നു. ഒന്നാം വർഷ പരീക്ഷയുടെ സ്‌കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിർണ്ണയിച്ചിരിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണയരീതിയാണ് അവലംബിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചു.

1,90,690 പെൺകുട്ടികളിൽ 1,65,234 പേരും (86.65%), 1,79,952 ആൺകുട്ടികളിൽ 1,23,160 പേരും (68.44%) ഉപരി പഠനത്തിന് യോഗ്യത നേടി. 1,89,263 സയൻസ് വിദ്യാർത്ഥികളിൽ 1,57,561 പേരും (83.25%), 74,583 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികളിൽ 51,578 പേരും (69.16%), 1,06,796 കോമേഴ്‌സ് വിദ്യാർത്ഥികളിൽ 79,255 പേരും (74.21%) ഉപരിപഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ 34,051 ൽ 19,719 പേരും (57.91%) പട്ടികവർഗ്ഗ വിഭാഗത്തിൽ 5,055 ൽ 3,047 പേരും (60.28%) ഒ.ഇ.സി. വിഭാഗത്തിൽ 8,848ൽ  6,183 പേരും (69.88%) ഒ.ബി.സി വിഭാഗത്തിൽ  2,51,245ൽ 1,97,567 പേരും (78.64%) ജനറൽ വിഭാഗത്തിൽ 71,443 ൽ 61,878 പേരും (86.61%) ഉപരി പഠനത്തിന് അർഹത നേടി.

എയിഡഡ് മേഖലയിലെ സ്‌കൂളുകളിൽ നിന്ന് 1,82,409ൽ 1,49,863 പേരും (82.16%) ഗവൺമെന്റ് മേഖലയിലെ 1,63,904ൽ 1,20,027 പേരും (73.23%) അൺഎയിഡഡ് മേഖലയിലെ 23,998 ൽ 18,218 പേരും (75.91%) ഉപരിപഠനത്തിന് യോഗ്യരായി.

റഗുലർ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 30,145 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡിനർഹത നേടി. ഇതിൽ 22,663 പേർ പെൺകുട്ടികളും 7,482 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 22,772 പേർക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 2,863 പേർക്കും കോമേഴ്‌സ് വിഭാഗത്തിൽ 4,510 പേർക്കും എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. ഇതിൽ 41 കുട്ടികൾക്ക് മുഴുവൻ സ്‌കോറും 1200/1200 ലഭിച്ചു.

46,810 പേർ എല്ലാ വിഷയങ്ങൾക്കും A ഗ്രേഡോ അതിന് മുകളിലോ 54,743 പേർ എല്ലാ വിഷയങ്ങൾക്കും B+ ഗ്രേഡോ അതിനു മുകളിലോ 65,420 പേർ എല്ലാ വിഷയങ്ങൾക്കും B ഗ്രേഡോ അതിനു മുകളിലോ 59,115 പേർ C+ ഗ്രേഡോ അതിനു മുകളിലോ 31,963 പേർ C  ഗ്രേഡോ അതിനു മുകളിലോ 198 പേർ D+ ഗ്രേഡോ അതിനു മുകളിലോ നേടുകയുണ്ടായി. 81,579 പേർക്ക് D ഗ്രേഡും 669 പേർക്ക് E ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്. തിയറി പരീക്ഷക്ക്, ഗ്രേസ് മാർക്കിനർഹതയുണ്ടെങ്കിൽ ആയത് സഹിതം 30 ശതമാനം സ്‌കോറും, TE, CE, PE എന്നിവക്കെല്ലാം കൂടി 30 ശതമാനമോ അതിന് മുകളിലോ സ്‌കോർ ലഭിക്കുന്ന വിദ്യാർത്ഥിക്ക് മാത്രമേ ഉപരി പഠനത്തിനർഹതയുണ്ടായിരിക്കുകയുള്ളൂ.

വിജയ ശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലും (83.09%) ഏറ്റവും കുറവ് കാസർകോഡ് ജില്ലയിലുമാണ് (71.09%). ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ (785 പേർ) പരീക്ഷയ്ക്ക് സജ്ജരാക്കിയ എസ്.വി ഹയർസെക്കന്ററി സ്‌കൂൾ പാലേമേട്, മലപ്പുറം 72.48% പേരെ ഉപരി പഠനത്തിന് യോഗ്യരാക്കി. തിരുവനന്തപുരം ജില്ലയിലെ സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂൾ പട്ടം, മലപ്പുറം ജില്ലയിലെ എം.എസ്.എം. ഹയർസെക്കന്ററി സ്‌കൂൾ കല്ലിങ്ങൽപ്പറമ്പ, ഗവ.രാജാസ് ഹയർസെക്കന്ററി സ്‌കൂൾ, എന്നീ സ്‌കൂളുകളിൽ യഥാക്രമം 756, 712, 712 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 79.37, 91.01, 86.1 ഉം ആണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പുറം (4,735) ആണ്. നൂറുമേനി വിജയം കരസ്ഥമാക്കിയ 57 സ്‌ക്കൂളുകളാണുള്ളത്. മുപ്പതിൽ താഴെ വിജയ ശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 46 ആണ്. 3,70,642 സ്‌കൂൾ ഗോയിംഗ് റഗുലർ വിദ്യാർഥികൾക്ക് പുറമേ ചുവടെ ചേർക്കുന്ന മറ്റു വിഭാഗം വിദ്യാർഥികളും 2025 മാർച്ച് ഹയർസെക്കന്ററി പരീക്ഷ എഴുതിയിട്ടുണ്ട്.

ടെക്‌നിക്കൽ സ്ട്രീം

ഹയർസെക്കന്ററിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്നായി 1,481 പേർ പരീക്ഷയ്ക്കിരുന്നതിൽ 1,048 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. (70.76%). 72 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു.

ആർട്ട് സ്ലീം

കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്‌കൂളിൽ 56 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്നതിൽ 45 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 80.36%. 2 പേർക്ക് എല്ലാ വിഷയത്തിനും A+ ഗ്രേഡ് ലഭിച്ചു.

സ്‌കോൾ കേരള

28,561 വിദ്യാർഥികൾ സ്‌കോൾ കേരള മുഖാന്തിരം പരീക്ഷ എഴുതിയതിൽ 13,288 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 46.52. ഇതിൽ 447 പേർ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് നേടി. സയൻസ് വിഭാഗത്തിൽ നിന്ന് 2,787 പേരിൽ 2,168 പേരും (77.79%), ഹ്യൂമാനിറ്റീസ് വിഭാഗത്തിൽനിന്ന് 15,198 പേരിൽ 6,865 പേരും (45.17%), കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 10,576 പേരിൽ 4,255 പേരും (40.23%), ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ പഠന വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ് 11,910 പേർ.

പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ വിദ്യാർഥികൾ

2017 മാർച്ച് മുതൽ 2024 മാർച്ച് വരെ രണ്ടാം ഹയർസെക്കന്ററി പരീക്ഷകൾ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടാത്തവരും 2025 മാർച്ചിൽ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവരും 2025 മാർച്ച് രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരുമാണ് ഈ വിഭാഗത്തിൽ പെടുക. 33,807 പേർ പരീക്ഷ എഴുതിയതിൽ 7,251 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 21.45.

സേ/ഇംപ്രൂവ്മെന്റ് പരീക്ഷ

2025 മാർച്ചിലെ രണ്ടാം വർഷ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 2025 മാർച്ചിലെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും D+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവർക്ക് അവർ ആഗ്രഹിക്കുന്ന പക്ഷം ഏതെങ്കിലും ഒരു വിഷയം ഇംപ്രൂവ് ചെയ്യാവുന്നതാണ്. 2025 ലെ സേ/ഇംപ്രൂവ്മെന്റ് പരീക്ഷാ നോട്ടിഫിക്കേഷൻ HSE പോർട്ടലിൽ ലഭ്യമാണ്.

പുനർമൂല്യനിർണയം

വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിനോ ഉത്തരക്കടലാസുകളുടെ പകർപ്പിനോ സൂക്ഷ്മ പരിശോധനയ്‌ക്കോ അപേക്ഷിക്കാവുന്നതാണ്. ഇരട്ട മൂല്യനിർണ്ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് വിഷയങ്ങൾക്ക് പുനർമൂല്യനിർണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കുന്നതല്ല. എന്നാൽ അവർക്ക് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ, അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലാണ് സമർപ്പിക്കേണ്ടത്. ഡയറക്ടറേറ്റിൽ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറങ്ങളുടെ മാതൃക സ്‌കൂളുകളിലും ഹയർസെക്കന്ററി പോർട്ടലിലും ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിന് 500 രൂപയും ഉത്തരക്കടലാസ്സുകളുടെ പകർപ്പിന് 300 രൂപയും സൂഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകൾ മെയ് 22 മുതൽ സ്‌കൂളുകളിൽ സമർപ്പിക്കാവുന്നതാണ്. നോട്ടിഫിക്കേഷൻ ഹയർസെക്കന്ററി പോർട്ടലിൽ ലഭ്യമാണ്.

വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷാഫലം ഒറ്റനോട്ടത്തിൽ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 389 തൊഴിലധിഷ്ഠിത (വൊക്കേഷനാൽ) ഹയർസെക്കണ്ടറി സ്‌കൂളുകളിൽ (261 സർക്കാർ സ്‌കൂളുകളും 128 എയ്ഡഡ് സ്‌കൂളുകളും) രണ്ടാംവർഷ പഠനം പൂർത്തിയാക്കിയ റഗുലർ വിദ്യാർത്ഥികൾക്കും മുൻ പരീക്ഷകളിൽ യോഗ്യത നേടാത്തവർക്കുമായാണ് മാർച്ച് 2025 പൊതുപരീക്ഷ നടത്തിയത്. കണ്ടിന്യൂവസ് ഇവാല്യൂവേഷൻ & ഗ്രേഡിംഗ് NSQF സ്‌കീമിൽ റഗുലറായി പരീക്ഷ എഴുതിയവരിൽ 70.06 % പേർ ഉന്നത പഠനത്തിന്  അർഹത നേടി. മാർച്ച് 2025 പരീക്ഷ എഴുതിയവർ 26,178 പേരാണ്. ഇതിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണം 18,340 ആണ്.

പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 14.17 % പേർ യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ എഴുതിയവരുടെ എണ്ണം: 2,025. ഉന്നത പഠനത്തിന് യോഗ്യത നേടിയവർ 287 പേർ. വിജയശതമാനം: 14.17%.

ഏറ്റവും ഉയർന്ന വിജയശതമാനം (84.46 %) നേടിയത് വയനാട് ജില്ലയും ഏറ്റവും കുറഞ്ഞ വിജയശതമാനം (61.70 %) നേടിയത് കാസർഗോഡ് ജില്ലയുമാണ്.

എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ 193 വിദ്യാർത്ഥികളാണുള്ളത്. 5 സർക്കാർ സ്‌കൂളുകളും 4 എയ്ഡഡ് സ്‌കൂളുകളും 100% വിജയം കൈവരിച്ചു. 50% ത്തിൽ താഴെ വിജയശതമാനമുള്ള 67 സ്‌കൂളുകളുണ്ട്.

കലാകായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വിജയം നേടിയവർക്കും, NSS വോളന്റിയർമാർ, നിശ്ചിത യോഗ്യത നേടിയ NCC കേഡറ്റുകൾ, നിശ്ചിത യോഗ്യത നേടിയ Student Police കേഡറ്റുകൾ. ശാസ്ത്ര മേളകളിൽ പങ്കെടുത്തവർ തുടങ്ങിയ വിഭാഗത്തിലുള്ള 14,832 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി.

ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധനയും പുനർമൂല്യനിർണയവും:

ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിലേയ്ക്കുള്ള അപേക്ഷകൾ http://www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് മതിയായ ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്‌കൂളിൽ മേയ് 27ന് വൈകുന്നേരം 4 മണിക്കുള്ളിൽ സമർപ്പിക്കണം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാ ഫാറം മതിയാവും. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. ഇരട്ട മൂല്യനിർണ്ണയം നടത്തിയതിനാൽ ഫിസിക്‌സ്, കെമിസ്ട്രി. കണക്ക് എന്നീ വിഷയങ്ങൾക്ക് സൂഷ്മപരിശോധന, പുനർ മൂല്യനിർണ്ണയം ഉണ്ടായിരിക്കുന്നതല്ല.

ഉത്തരക്കടലാസ്സുകൾ പുനർ മൂല്യനിർണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പറൊന്നിന് 100 രൂപാ ക്രമത്തിലും ഫീസ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കേണ്ടതാണ്. പുനർ മുല്യനിർണ്ണയത്തിന്റെ ഫലം ജൂൺ മാസത്തിൽ പ്രസിദ്ധീകരിക്കും.

സേവ്-എ-ഇയർ പരീക്ഷ

മാർച്ച് 2025 തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ വിവിധ കാരണങ്ങളാൽ പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത എല്ലാ സ്‌കീമുകളിലേയും (റഗുലർ & പ്രൈവറ്റ്) വിദ്യാർത്ഥികൾക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങൾക്കും/ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങൾക്കും 2025 ലെ സേ (സേവ്-എ-ഇയർ) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.

ഇംപ്രൂവ്‌മെന്റ്‌റ് പരീക്ഷ

2025 മാർച്ചിൽ റഗുലറായി പരീക്ഷ എഴുതി ഉന്നത പഠനത്തിനർഹരായ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇംപ്രൂവ്‌മെന്റ് പരീക്ഷ സേവ്-എ-ഇയർ പരീക്ഷയോടൊപ്പം എഴുതാവുന്നതാണ്. സേവ്-എ-ഇയർ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ തീയതിയും വിശദാംശങ്ങളും പിന്നീട് പ്രസിദ്ധീകരിക്കും.

ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ  വിദ്യാർഥികൾക്കും മന്ത്രി വി ശിവൻകുട്ടി അഭിനന്ദനങ്ങൾ അറിയിച്ചു.  പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!