കോട്ടയം: കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധിയായിരിക്കും. വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
കോട്ടയം താലൂക്കില്‍ 15, വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളില്‍ ഓരോ ക്യാമ്പുകളും ആണ് പ്രവര്‍ത്തിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 67 കുടുംബങ്ങളിലെ 239 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. ഈ മാസം അഞ്ചുവരെ ജില്ലയില്‍ ഖനന നിരോധനവും മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണവും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ തുടരുകയാണ്. തലസ്ഥാനമടക്കുമുള്ള തെക്കന്‍ കേരളത്തില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്. രാവിലെ മുതല്‍ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളില്‍ ശക്തമായി തുടരുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




