Section

malabari-logo-mobile

ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട കനത്ത മഴ

HIGHLIGHTS : ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴ. തൊടുപുഴയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ...

ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴ. തൊടുപുഴയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി, മണിമല, ഇളംകാട്, ഏന്തയാര്‍ മഴ ശക്തമാണ്.

ഉച്ചക്ക് ശേഷം മുതലാണ് മഴ പെയ്തുതുടങ്ങിയത്. ഇടവിട്ടുള്ള മഴയാണ് ഇവിടെ പെയ്യുന്നത്. ഇന്നലെ കാവാലി അടക്കം ഉരുള്‍ പൊട്ടലുണ്ടായ ഇടങ്ങളില്‍ രണ്ട് മണിക്കൂറോളം തുടര്‍ച്ചയായി മഴ പെയ്‌തെങ്കിലും പിന്നീട് മഴ ശമിച്ചിരുന്നു. നിലവില്‍ കോട്ടയത്ത് 45 ക്യാമ്പുകളിലായി 800ഓളം കുടുംബങ്ങളും 3000ഓളം ആളുകളും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.

sameeksha-malabarinews

അതേസമയം, സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

തെക്കന്‍ തമിഴ്നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. കോട്ടയം ജില്ലയില്‍ മലയോര മേഖലകളില്‍ പെയ്ത മഴയ്ക്ക് ശമനമുണ്ടായി. കൂട്ടിക്കല്‍, ഏന്തയാര്‍, ഇളംകാട് ഭാഗങ്ങളിലും, തീക്കോയി, തലനാട്, പൂഞ്ഞാര്‍ പ്രദേശത്തുമാണ് ശക്തമായി മഴ പെയ്തത്. രണ്ടിടങ്ങളില്‍ നേരിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. തീക്കോയ് 30 ഏക്കറിലും, മംഗളഗിരിയിലുമാണ് മണ്ണിടിഞ്ഞത്. ആളപായമില്ല. മഴയില്‍ മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഒരിടത്തും അപകടനിലയില്‍ എത്തിയിട്ടില്ല. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു.

കോട്ടയം ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കൂട്ടിക്കല്‍, തലനാട്, തീക്കോയി വില്ലേജുകളിലാണ് മുന്നറിയിപ്പ്. കൂട്ടിക്കലില്‍ പതിനൊന്ന് പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന് സാധ്യത. തീക്കോയില്‍ എട്ട് ഇടത്തും തലനാടില്‍ ഏഴ് ഇടത്തുമാണ് അപകട സാധ്യത.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!