Section

malabari-logo-mobile

ഗാസ നഗരത്തില്‍ ഉടനീളം കനത്ത വ്യോമാക്രമണം, മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകര്‍ന്നു; യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ പ്രമേയം

HIGHLIGHTS : ടെല്‍ അവീവ്: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. ഗാസയില്‍ ഇതുവരെ...

ടെല്‍ അവീവ്: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. ഗാസയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. ഇന്റര്‍നെറ്റ് ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചുവെന്നാണ് ഹമാസ് പറയുന്നത്. വാര്‍ത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പ്രമേയം അപകീര്‍ത്തികരമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.

sameeksha-malabarinews

ഗാസയിലെ അല്‍ ഷിഫ, ഇന്തോനേഷ്യ ആശുപത്രികള്‍ക്ക് സമീപവും ബ്രീജിലെ അഭയാര്‍ത്ഥി ക്യാമ്പിന് സമീപവും ഇസ്രയേല്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കരമാര്‍ഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതല്‍ തുടങ്ങുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഗാസയില്‍ ടാങ്കുകള്‍ ഉള്‍പ്പെടെ വിന്യസിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, കര വഴിയുള്ള സൈനിക നീക്കം രാത്രി മുതല്‍ ശക്തമാക്കാനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തില്‍ ഇതുവരെ കാണാത്ത കനത്ത വ്യോമാക്രണം ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനവും ഭക്ഷണവും ഉള്‍പ്പെടെ വിലക്കപ്പെട്ടതിന് പിന്നാലെയാണിപ്പോള്‍ ഗാസയെ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റവരെ ആശുപത്രിയില്‍ ഉള്‍പ്പെടെ എത്തിക്കാനാകുന്നില്ല. ആശുപത്രികളില്‍ ഉള്‍പ്പെടെ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടത് ചികിത്സ നല്‍കുന്നതിന് ഉള്‍പ്പെടെ തടസമുണ്ടാക്കുകയാണ്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഗാസയ്ക്കുള്ളില്‍ കടന്ന് ഇസ്രയേല്‍ യുദ്ധടാങ്കുകള്‍ ആക്രമണം നടത്തിയത്. ഇതിനിടെ, സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി. അതേസമയം, സൈനിക നടപടിക്ക് ഇടവേള നല്‍കി ഗാസയില്‍ സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!