Section

malabari-logo-mobile

കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണം;മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Health Minister Veena George said that liver diseases should be diagnosed and treated early.

തിരുവനന്തപുരം: കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വിവിധ തരം കരള്‍ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപ ചെലവുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ത്ഥ്യമാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ 5 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയകരമായി നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നതായും മന്ത്രി വ്യക്തമാക്കി.

മദ്യപിക്കാത്ത ആള്‍ക്കാരില്‍ ഉണ്ടാകുന്ന കരള്‍ രോഗമായ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍.എ.എഫ്.എല്‍.ഡി.) കൂടി വരുന്നതിനാല്‍ അത് കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും തിരൂരുമുള്ള ജില്ലാതല ആശുപത്രികളില്‍ എന്‍.എ.എഫ്.എല്‍.ഡി. ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എന്‍.എ.എഫ്.എല്‍. രോഗം കണ്ടെത്തുന്നതിനുള്ള ഫൈബ്രോ സ്‌കാന്‍ മെഷീന്‍ വാങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

പൊതുജനങ്ങളില്‍ കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 19ന് ലോക കരള്‍ ദിനം ആചരിക്കുന്നത്. ‘ജാഗ്രത പാലിക്കുക, പതിവായി കരള്‍ പരിശോധന നടത്തുക, ഫാറ്റി ലിവര്‍ രോഗങ്ങള്‍ തടയുക’ (Be Vigilant, Get Regular Liver Check-Ups and Prevent Fatty Liver Diseases) എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിന സന്ദേശം.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലുതും സുപ്രധാനവുമായ രണ്ടാമത്തെ അവയവമാണ് കരള്‍. മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനങ്ങള്‍), ദഹനം, പ്രതിരോധശേഷി, വിഷ വസ്തുക്കളുടെ ശുദ്ധീകരണം, വിറ്റാമിനുകള്‍, ധാതുക്കള്‍, ഗ്ലൂക്കോസ് മുതലായവയുടെ സംഭരണം ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളാണ് കരള്‍ നിര്‍വഹിക്കുന്നത്. അതിനാല്‍ തന്നെ കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

മഞ്ഞപ്പിത്തം, കരള്‍ വീക്കം, സിറോസിസ്, കരളിലെ അര്‍ബുദം, ഫാറ്റി ലിവര്‍ എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. അനാരോഗ്യകരമായ ഭക്ഷണക്രമം, മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയവ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഫാറ്റി ലിവര്‍ പോലുള്ള അസുഖങ്ങളില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല. കണ്ണുകളിലെ മഞ്ഞ നിറം, കാലിലെയും വയറ്റിലെയും നീര്, മലത്തിലോ ഛര്‍ദ്ദിയിലോ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം, അബോധാവസ്ഥ, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദനയും വീക്കവും മുതലായവ കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാവാം.

രക്തപരിശോധനകള്‍, ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, അള്‍ട്രാസൗണ്ട് സ്‌കാന്‍, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, ഫൈബ്രോ സ്‌കാന്‍, എന്‍ഡോസ്‌കോപ്പി, ബയോപ്‌സി മുതലായ പരിശോധനകളിലൂടെ കരള്‍ രോഗങ്ങള്‍ കണ്ടെത്താം.

മദ്യപാനം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, ഭക്ഷണത്തില്‍ എണ്ണയും കൊഴുപ്പും കുറയ്ക്കുക, പഴങ്ങള്‍, പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക, അമിത ഭാരം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കുക, തിളപ്പിച്ചാറ്റിയ വെള്ളവും വൃത്തിയുള്ള ഭക്ഷണവും ശീലമാക്കുക, ആഹാരത്തിനു മുമ്പും മലമൂത്ര വിസര്‍ജന ശേഷവും ശുചിത്വം പാലിക്കുക, മറ്റുള്ളവര്‍ ഉപയോഗിച്ച ബ്ലേഡ്, സിറിഞ്ച് എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവയിലൂടെ കരള്‍ രോഗങ്ങള്‍ പ്രതിരോധിക്കാനാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!