Section

malabari-logo-mobile

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് റിമാന്‍ഡില്‍

HIGHLIGHTS : Hate speech: PC George in remand

അനന്തപുരി മതവിദ്വേഷക്കേസില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി.സി.ജോര്‍ജിനെ ജയിലിലേക്ക് മാറ്റി. പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാല്‍ കഴിഞ്ഞ ദിവസമാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്. ഇതിന് തൊട്ടുപിന്നാലെ കൊച്ചിയിലെത്തി പോലീസ് സംഘം ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു.

ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പി.സി.ജോര്‍ജിനെ വൈദ്യ പരിശോധനക്കായി വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തില്‍ വച്ച് തന്നെ കൊവിഡ് പരിശോധനയുള്‍പ്പെടെയുള്ള വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ജില്ലാ ജയിലിലേക്ക് മാറ്റിയത്.

sameeksha-malabarinews

പൊലീസു കാരണം പി.സി.ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പി.സി.ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി.സി.ജോര്‍ജും കോടതിയില്‍ വ്യക്തമാക്കി. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകന്‍ പറഞ്ഞു. പൊലീസ് മര്‍ദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പി സി കോടതിയോട് പറഞ്ഞു.

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മേയ് 30ന് പരിഗണിക്കും. പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!