കോഴിക്കോട്:ഹരിത മുന്‍നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി കെ നവാസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന് വ്യക്തമാക്കുന്നുണ്ട്. വെള്ളയില്‍ പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വാഹാബിനെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ മാസം രണ്ടിനാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നാലില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലാകെ 18 സാക്ഷികളാണ് ഉള്ളത്. ഐപിസി 354 എ പ്രകാരം ലൈംഗികാധിക്ഷേപം, ഐപിസി 509 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയാണ് നവാസിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.
ലീഗിനും എംഎസ്എഫിന്റെ ദേശീയ നേതൃത്വത്തിനും ഹരിത നേതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് വനിത കമ്മീഷന് പരാതി നല്‍കിയത്. തുടര്‍ന്ന് ഹരിതയെ മരവിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ പരാതിയില്‍ ഹരിത നേതാക്കള്‍ ഉറച്ചുനിന്നതോടെ പോലീസ് കേസുമായി മുന്നോട്ട് പോവുകയായിരുന്നു.
ഹരിത സംസ്ഥാന കമ്മിറ്റിയിലെ മുന്‍ ഭാരവാഹികളായ പത്തുപേരാണ് പരാതി നല്‍കിയത്.




