സിഡ്നി : ഓസീസിനെതിരായ ട്വന്റി 20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നടരാജന് സമ്മാനിച്ച് ഹാര്‍ദിക് പാണ്ഡ്യ. ഈ സീരീസിലുടനീളം നടരാജന്‍ അവിസ്മരണീയമായിരുന്നെന്നും എന്നേക്കാള്‍ മാന്‍ ഓഫ് ദി സീരീസ് അര്‍ഹിക്കുന്നുവെന്നും ഹാര്‍ദിക് പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചു. ഈ പുരസ്‌കാരം അര്‍ഹിക്കുന്നത് നടരാജനാണെന്ന വാക്കുകളോടെയാണ് പാണ്ഡ്യ തനിക്ക് ലഭിച്ച ട്രോഫി കൈമാറിയത് .
മൂന്നു മത്സരങ്ങളില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ നടരാജന് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഹാര്‍ദിക് പാണ്ഡ്യക്കാണ് ലഭിച്ചത് .
പരമ്പര നേട്ടത്തിന് ലഭിച്ച കിരീടം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും നടരാജന് കൈമാറി. ട്വന്റി 20 ചാമ്പ്യന്‍മാരായ ഇന്ത്യ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ നടരാജനാണ് കോഹ്ലിക്ക് പകരം പരമ്പര കിരീടം പിടിച്ചത്.
അവസാന ഏകദിനത്തില്‍ കളത്തിലിറങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജന്‍ ട്വന്റി 20യിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. കൂലിപ്പണിക്കാരനായ സേലത്തുകാരന്റെയും സാരി കമ്പനിയില്‍ ജോലിക്കാരിയായ ചിന്നപ്പാംപാട്ടി സ്വദേശിയുടെയും മൂത്ത മകനായാണ് നടരാജന്റെ ജനനം. ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചായിരുന്നു തുടക്കം. തമിഴ്നാട് പ്രീമിയര്‍ ലീഗിലെയും ഐ.പി.എല്ലിലെയും മിന്നും പ്രകടനങ്ങളാണ് നടരാജന് ഇന്ത്യന്‍ ടീമിലിടം നല്‍കിയത്.




