
ആഗോള കൈകഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന കൈ കഴുകല്‍ ദ്വൈവാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തീരാങ്കാവ് പി വി എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടന്നു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം നിര്‍വഹിച്ചു. കേളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ അമ്പിളി അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യപ്രഭാഷണം നടത്തി. ഒളവണ്ണ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിന്ധുകല ദിനാചരണ സന്ദേശം നല്‍കി.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബാബുരാജന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലി. കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ ടി മുഹ്‌സിന്‍, ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി കെ പത്മനാഭന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി സഞ്ജുഷ എന്നിവര്‍ സംസാരിച്ചു. ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷിക ശാസ്ത്രീയമായി കഴിക്കുന്നതിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ അവതരിപ്പിച്ചു.
ഫറോക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിങ് സെന്ററിലെ വിദ്യാര്‍ഥികള്‍ പോസ്റ്റര്‍ പ്രദര്‍ശനവും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പും കാലിക്കറ്റ് സര്‍വകലാശാല എന്‍എസ്എസ് യൂണിറ്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
*കൈ കഴുകേണ്ടത് എപ്പോഴെല്ലാം?*
* ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ശേഷവും
* ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും
* രോഗികളെ പരിചരിക്കുന്നതിന് മുമ്പും ശേഷവും
– മുറിവുണ്ടായാല്‍ അത് പരിചരിക്കുന്നതിന് മുമ്പും ശേഷവും
– കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പര്‍ മാറ്റിയ ശേഷം
* മലമൂത്ര വിസര്‍ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിന് ശേഷം
– ശുചിമുറി ഉപയോഗിച്ചതിന് ശേഷം
– മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം, മറ്റു വസ്തുക്കള്‍ എന്നിവ കൈകാര്യം ചെയ്യുക എന്നിവക്ക് ശേഷം
* മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം
* കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമക്കുകയോ ചെയ്തതിന് ശേഷം




