Section

malabari-logo-mobile

ഹജ്ജ് തീര്‍ത്ഥാടന കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം

HIGHLIGHTS : Hajj pilgrimage starts today

ഹജ്ജ് തീര്‍ത്ഥാടന കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ച മുതല്‍ മിനായില്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. ഇനിയുള്ള 6 ദിവസം തീര്‍ഥാടകര്‍ക്ക് പ്രതീകാത്മക ചടങ്ങുകളുടെയും പ്രാര്‍ഥനകളുടെയും ദിനങ്ങളാണ്. മിന താഴ്വരയില്‍ ഇന്ന് കഴിച്ചുകൂട്ടുന്ന തീര്‍ത്ഥാടകര്‍ പ്രാര്‍ഥനകളില്‍ മുഴുകും.

ഇന്ത്യയില്‍ നിന്ന് 79362 തീര്‍ഥാടകര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്. 10 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ രാത്രിയോടെ മിനായിലെത്തി. കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരമൊരുങ്ങുന്നത്. സൗദിയില്‍ ശനിയാഴ്ചയും കേരളത്തില്‍ ഞായറാഴ്ചയുമാണ് ബലി പെരുന്നാള്‍.

sameeksha-malabarinews

ദുല്‍ഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതല്‍ വൈകിട്ട് വരെ മിനയിലാകും നമസ്‌കാരമടക്കമുള്ള ചടങ്ങുകള്‍ തീര്‍ത്ഥാടകര്‍ നിര്‍വഹിക്കുക. നാളെയാണ് അറഫ സംഗമം.

തീര്‍ഥാടക ലക്ഷങ്ങള്‍ അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു എന്നര്‍ത്ഥം വരുന്ന തല്‍ബിയത് ചൊല്ലിക്കൊണ്ട് ടെന്റുകളുടെ നഗരമായ മിനായിലേക്ക് ഒഴുകുകയാണ്. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് പത്തു ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ ഇന്ന് മിനായില്‍ തമ്പടിക്കും. ഇന്നലെയാണ് തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങിത്തുടങ്ങിയത്. ഹജ്ജ് സര്‍വീസ് ഏജന്‍സി ഒരുക്കിയ ബസുകളിലാണ് തീര്‍ഥാടകര്‍ മക്കയിലെ താമസ സ്ഥലത്തു നിന്നും മിനായിലെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!