
1000 രൂപയില്‍ താഴെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും നിലവിലുള്ള 5 % നികുതി 12% ആക്കി ഉയര്‍ത്താനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.
കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ട രണ്ട് വിഭാഗമാണ് വസ്ത്ര- ചെരുപ്പ് വ്യാപാരികള്‍. ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന 1000 രൂപയ്ക്ക് താഴെയുള്ളവയുടെ ജിഎസ്ടി വര്‍ദ്ധനവ് നിലവിലുള്ള വ്യാപാരത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും രാജു അപ്‌സര അഭിപ്രായപ്പെട്ടു.
നിലവിലുള്ള സ്റ്റോക്കിന്റെ അധിക നികുതി ബാധ്യത കൂടുതല്‍ വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് കാരണമാകുമെന്നും അദ്ധേഹം പറഞ്ഞു. ഈ നികുതി ഘടനയിലെ മാറ്റം കേരളത്തിലെ ഒരു ലക്ഷത്തോളം വ്യാപാരികളെ നേരിട്ട് ബാധിക്കുന്നതാണ്. വലിയ വിലക്കയറ്റത്തിന് കാരണമാകുന്ന ഈ നികുതി വര്‍ദ്ധനവ് ഒഴിവാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.




