തിരുവനന്തപുരം: വ്യാപാര, വാണിജ്യസ്ഥാപനങ്ങള്‍ നികുതി അടയ്ക്കുന്നതില്‍ ക്രമക്കേട് കാണിച്ചാല്‍ ജപ്തി നടപടികളിലേക്ക് കടക്കാന്‍ ജി.എസ്.ടി. ഉദ്യേഗസ്ഥര്‍ക്ക് അധികാരം. ജനുവരി ഒന്നുമുതല്‍ ഇത് നടപ്പാക്കി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി.
നികുതിവെട്ടിപ്പ് തടയാനാണ് ഈ വ്യവസ്ഥ. നികുതിവെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനങ്ങളില്‍ മിന്നല്‍പ്പരിശോധന നടത്തി വീഴ്ചവരുത്തിയ നികുതി ഈടാക്കാന്‍ റവന്യൂ റിക്കവറി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ വിജ്ഞാപനം. ഇതിനായി മുന്‍കൂര്‍ നോട്ടീസ് അയക്കാതെ ഉദ്യോഗസ്ഥരെത്തും. കേന്ദ്ര ധനനിയമത്തില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥയാണ് നടപ്പാക്കുന്നത്.
ജി.എസ്.ടി സംവിധാനത്തില്‍ രണ്ടുതരം റിട്ടേണുകളാണ് സമര്‍പ്പിക്കേണ്ടത്. ജി.എസ്.ടി.ആര്‍-വണ്‍, ജി.എസ്.ടി.ആര്‍ ത്രീ-ബി എന്നിവ. ആദ്യത്തെ റിട്ടേണിലാണ് സ്ഥാപനമുടമ നടത്തിയ എല്ലാ വാങ്ങലും വില്‍പ്പനയും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കേണ്ടത്. രണ്ടാമത്തേതില്‍ നികുതിബാധ്യത അറിയിക്കണം. വെളിപ്പെടുത്തുന്ന നികുതിബാധ്യത ജി.എസ്.ടി.ആര്‍-വണ്‍ പ്രകാരമുള്ള ഇടപാടുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ നികുതിവെട്ടിപ്പായി കണക്കാക്കി ശേഷിക്കുന്ന നികുതിപ്പണം ഈടക്കാനാണ് റവന്യൂ റിക്കവറി നടത്തുക. ജി.എസ്.ടി കമ്മിഷണര്‍ക്ക് യുക്തമെന്ന് കണ്ടാല്‍ ബാങ്ക്അക്കൗണ്ടും വസ്തുവകകളും താത്കാലികമായി പിടിച്ചെടുക്കാം. പിന്നീട് നിയമപരമായ മാര്‍ഗങ്ങളിലൂടെ ജപ്തി നടപടികള്‍ അന്തിമമാക്കാം.




