വളാഞ്ചേരി: ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ജി.എസ്.ടി തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ പിടിയിലായി. പൊന്നാനി തൃക്കാവ് പറമ്പത്താഴത്ത് പി ആര്‍ റാഷിദ് റഫീഖ് (30),കറുകതുരുത്തി വളവില്‍ അമ്പലത്ത് വീട്ടില്‍ ഫൈസല്‍ നാസര്‍ എന്നിവരാണ് അറസ്റ്റിലായത്. വളാഞ്ചേരി സി.ഐ മനോഹരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അടയ്ക്ക കച്ചവടത്തിന്റെ മറവിലാണ് കബളിപ്പിച്ചത്. പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു. വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം നടത്തിയതായി ക്രിത്രിമ രേഖ നിര്‍മിച്ചാണ് പണം തട്ടിയത്. കോടികളുടെ അടക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകള്‍ നല്‍കി ജി.എസ്.ടിയില്‍ നിന്ന് 5 ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇന്‍പുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ തട്ടിപ്പ് നടത്തിയത്. ചരക്ക് നീക്കമില്ലാതെ ബില്‍ ട്രേഡിങ്ങിലൂടെമാത്രമാണ് ഇടപാട്.
വളാഞ്ചേരി എടയൂര്‍ സ്വദേശി രഞ്ജിത്തിന്റെ വീട്ടില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ വന്നപ്പോഴാണ് തന്റെ പേരില്‍ രാജ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനം തുടങ്ങി പ്രതികള്‍ വന്‍ തട്ടിപ്പ് നടത്തുകയാണെന്ന വിവരം അറിഞ്ഞത്. ഇത്തരത്തില്‍ 13 കോടി രൂപയുടെ ഇടപാട് നടത്തിയതായാണ് അറിവ്.
തിരൂര്‍ ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.




