HIGHLIGHTS : Grieving, the Jatava returned to the fort; Kadalundi Vavautsavam has concluded
മോഹന്‍ ചാലിയം
ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അമ്മ പേടിയാട്ട് ഭഗവതിയെ കണ്ട് സായൂജ്യമടഞ്ഞ മകന്‍ ജാതവന്‍ അമ്മയുടെ ആജ്ഞ ശിരസ്സാവഹിച്ച് മണ്ണൂരിലെ ജാതവന്‍ കോട്ടയിലേക്ക് മടങ്ങിയതോടെ ഈ വര്‍ഷത്തെ കടലുണ്ടി വാവുത്സവത്തിന് സമാപനം.

ഉത്തര മലബാറിലെ ഉത്സവങ്ങള്‍ക്ക് ഇതോടെ തുടക്കമായി.
വാവുത്സവത്തിന്റെ സമാപനമായ കുടികൂട്ടല്‍ ചടങ്ങ് തിങ്കളാഴ്ച അഞ്ചുമണിയോടെ പേടിയാട്ട് കാവില്‍ നടന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാവുത്സവത്തിന് പേടിയാട്ടു കാവില്‍ കൊടിയേറിയത്.
വ്യാഴാഴ്ച കുന്നത്തു തറവാട്ടിലും കൊടിയേറി.
പ്രധാന ചടങ്ങായ വാവുത്സവം അറിയിച്ചു കൊണ്ടുള്ള ജാതവന്റെ ഊരുചുറ്റല്‍ ശനിയാഴ്ച മണ്ണൂര്‍ കാരളിപ്പറമ്പിലെ ജാതവന്‍ കോട്ടയില്‍നിന്നും ആരംഭിച്ചു.
രണ്ടു ദിവസമായി ഊരു ചുറ്റലിനിറങ്ങിയ ജാതവന്‍ ഇന്ന് പുലര്‍ച്ചെ കടലുണ്ടി വാക്കടവിലെ കക്കാട്ട് കടപ്പുറത്തെത്തി അമ്മ ദേവിയെ കണ്ടു.
നീരാട്ടിനു ശേഷം ജാതവന്‍ ഭഗവതിയെ മൂന്നു തവണ വലം വെച്ചു.
അമ്മയെക്കണ്ട് സായൂജ്യമടഞ്ഞ മകന്‍ ജാതവന്‍ മുന്നിലും സര്‍വ്വാഭരണ വിഭൂഷിതയായ ദേവി പിന്നിലുമായിട്ടായിരുന്നു തിരിച്ചെഴുന്നള്ളത്ത്.
കുന്നത്ത്, അമ്പാളി തറവാട്ടുകാരണവന്‍മാരും മൂത്ത പെരുവണ്ണാനും അകമ്പടി സേവിച്ചു.
കുന്നത്തു തറവാട്ടിലെത്തിയ ദേവിയെ തറവാട്ടുകാര്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ചാനയിച്ചു.
ഉണക്കലരി, ഇളനീര്‍,അടക്ക, വെറ്റില, പൂവന്‍ പഴം തുടങ്ങിയവ നിവേദ്യമായി സമര്‍പ്പിച്ചു.
തുടര്‍ന്ന് മൂന്നു തവണ മണിത്തറയെ വലം വെച്ച ശേഷം ദേവി മണിത്തറയിലെ പീഠത്തിലിരുന്നു.
ദേവിയുടെ ഇഷ്ട വിനോദമായ പടകളി ത്തല്ല് ആസ്വദിച്ചു.
നിരവധി ഭക്തര്‍ ദേവിക്ക് താലിയും വെളിച്ചെണ്ണയും സമര്‍പ്പിച്ചു.
തുടര്‍ന്ന് വിശ്രമ ശേഷം കറുത്തങ്ങാട്ടേക്ക് എഴുന്നള്ളി.
മണ്ണൂര്‍ ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ വെള്ളരി നിവേദ്യ സമര്‍പ്പണത്തിനു ശേഷം അവിടെ നിന്നും പേടിയാട്ട് കാവിലേക്ക് എഴുന്നള്ളി.
പേടിയാട്ടു കാവിലെത്തിയ ദേവിയെ വ്രത നിഷ്ഠരായ പനയമഠം തറവാട്ടുകാര്‍ സ്വീകരിച്ചു.
അനുഷ്ഠാന ചടങ്ങുകള്‍ക്കു ശേഷം കുടികൂട്ടല്‍ ചടങ്ങ് നടന്നു.
കാവിലെ കിഴക്കേ കോട്ടയില്‍ ദേവിയെ കുടിയിരുത്തി.
ക്ഷേത്രത്തില്‍ കയറരുതെന്ന അമ്മയുടെ ആജ്ഞ ശിരസാവഹിച്ച് ദുഃഖിതനായ ജാതവന്‍ മണ്ണൂര്‍ കാരകളിപറമ്പിലെ
കോട്ടയിലേക്ക് മടങ്ങിയതോടെ ഈ വര്‍ഷത്തെ വാവുത്സവത്തിന് സമാപനമായി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു