Section

malabari-logo-mobile

മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല ;മുഖ്യമന്ത്രി

HIGHLIGHTS : മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാ...

മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടല്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് തീരദേശങ്ങളിലെ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്. മത്സ്യമേഖലയില്‍ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സര്‍ക്കാരാണിത്.

2019 ജനുവരിയില്‍ നടപ്പാക്കിയ ഫിഷറീസ് നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകള്‍ പറഞ്ഞിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കി ആഴക്കടല്‍ യാനങ്ങളുടെ ഉടമസ്ഥരാക്കി പ്രാത്സാഹിപ്പിക്കലാണ് സംസ്ഥാന ഫിഷറീസ് നയത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശീയ തദ്ദേശീയ കോര്‍പ്പറേറ്റുകളെയോ കമ്പനികളെയോ കേരള തീരത്ത് അനുവദിക്കുകയില്ല എന്ന സംസ്ഥാന ഫിഷറീസ് നയത്തിലെ സുവ്യക്തമായ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നല്‍കില്ല. അത് ഈ സര്‍ക്കാരിന്റെ പൊതുവായ നയമാണ്. കൃത്യമായ ഉറപ്പാണ്. അതില്‍നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ല.

sameeksha-malabarinews

സംസ്ഥാനത്തിന്റെ തീരക്കടലില്‍ യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കും. എന്നാല്‍, കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരമായി പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കും. വിദേശ ട്രോളറുകള്‍ക്കോ, തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും, ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും.

മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വില്‍പനയില്‍ ഏര്‍പ്പെടുന്നതിനുമുള്ള അവകാശം അവര്‍ക്ക് ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് അനുമതിപത്രം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരള സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നിരന്തരമായ എതിര്‍പ്പിനെ തുടര്‍ന്ന് 2017ലെ കേന്ദ്ര സമുദ്ര മത്സ്യബന്ധന നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ സ്വദേശ കമ്പനികള്‍ക്ക് നല്‍കിവന്നിരുന്ന അനുമതിപത്രം നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധനത്തോടുള്ള നിലപാട് ഇതില്‍ നിന്നും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!