തേഞ്ഞിപ്പലം; തൊട്ടടുത്ത വീട്ടില്‍ നിന്നും മോഷ്ടിച്ച ഏണി ഉപയോഗിച്ച് വീട്ടില്‍ കയറി മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെ നാലുപവന്റെ സ്വര്‍ണ്ണപാദസരം മോഷ്ടിച്ചു. പള്ളിക്കല്‍ സലാമത്ത് നഗറിലെ വീട്ടിലാണ് മോഷണം നടന്നത്.
വ്യഴാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാല്‍ മണിയോടെയാണ് മോഷണം നടന്നത്. കറുപ്പന്‍വീട്ടില്‍ മുഹമ്മദ് കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന മരുമകള്‍ മര്‍വ്വാ മോളുടെ പാദസരമാണ് മോഷണം പോയത്. മുകളിലെ മുറിയുടെ ജനവാതില്‍ തുറന്ന് ജനലഴികള്‍ക്കിടയിലൂടെയാണ് പാദസരം മോഷ്ടിച്ചത്. മോഷണസമയത്ത് അസ്വാഭവികത തോന്നി യുവതി പെട്ടന്ന് ഉണരുകയും ഭര്‍ത്താവിനെ വിളിക്കുകയുമായിരുന്നു. അപ്പോളാണ് രണ്ട് പാദസരവും നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന തിരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
തേഞ്ഞിപ്പലം സ്റ്റേഷനില്‍ നിന്നും പുലര്‍ച്ചെ തന്നെ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. പിന്നീട് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.




