വിവാഹാലോചന നടത്തി സ്വര്‍ണ്ണത്തട്ടിപ്പ്‌ ; മണവാളന്‍ റിയാസ്‌ മലപ്പുറത്ത്‌ പിടിയില്‍

മലപ്പുറം:  വിവാഹാലോചന നടത്തി പെണ്‍കുട്ടികളുടെ സ്വര്‍ണ്ണം തട്ടിയെടുത്തുവെന്ന എന്ന കേസുകളിലെ പ്രതി പിടിയില്‍. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി മണവാളന്‍ റിയാസ്‌ എന്ന മുഹമ്മദ്‌ റിയാസ്‌ ആണ്‌ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്‌.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീട്ടിലേയും, ജോലിക്ക്‌ പോകുന്ന പെണ്‍ക്കുട്ടികളുടെ വീടുകളില്‍ പോയി വിവാഹആലോചന നടത്തുകയും പിന്നീട്‌ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച്‌ അവരുടെ സ്വര്‍ണ്ണാഭരണങ്ങല്‍ തട്ടിയെടുത്ത്‌ മുങ്ങുകയുമാണ്‌ ഇയാളുടെ പതിവ്‌. ഇത്തരത്തില്‍ വഞ്ചിക്കപ്പട്ട പെരിന്തല്‍മണ്ണ കുന്നപ്പള്ളി, അരക്കുപറമ്പ്‌ സ്വദേശിനികളായ പെണ്‍കുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ റിയാസ്‌ പിടിയിലാവുന്നത്‌.
വിവാഹമാലോചിച്ച പെണ്‍കുട്ടികളുമായി മൊബൈല്‍ ഫോണില്‍ വിളിച്ചാണ്‌ ഇയാള്‍ സൗഹൃദത്തിലാകുന്നത്‌. തുടര്‍ന്ന്‌ ഇവരുടെ ആഭരണങ്ങള്‍ പുതിയ ഫാഷനിലുള്ളതാക്കി മാറ്റാം എന്ന്‌ പറഞ്ഞ്‌ വാങ്ങി മുങ്ങുകയാണ്‌ പതിവ്‌. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട്‌ ആര്‍ഭാടജീവിതം നയിച്ച്‌ വരവെയാണ്‌ ഇയാള്‍ പിടിയിലാകുന്നത്‌.

പോലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ വലയിലായത്‌. ഇയാള്‍ ഇത്തരത്തില്‍ വാങ്ങി വില്‍പന നടത്തിയ 7 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ്‌ കണ്ടെടുത്തു.

സമാനമായ രീതിയില്‍ വേറേയും തട്ടിപ്പ്‌ നടത്തിയിട്ടുണ്ടെന്നാണ്‌ സൂചന. പരാതി കിട്ടിയാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം.

Share news
error: Content is protected !!
Scroll to Top