കുറ്റിപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; പിടിയിലായത് 25 കിലോ കഞ്ചാവുമായി 3 കോട്ടക്കല്‍ സ്വദേശികള്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് 25 കിലോ കഞ്ചാവുമായി കോട്ടക്കല്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. കുറ്റിപ്പുറം എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ നേതൃത്വത്തിലുള്ള സംഘമാണ് ഈ കഞ്ചാവ് വേട്ടനടത്തിയത്.

മലപ്പുറം ഒതുക്കുങ്ങല്‍ വലിയപറമ്പ് കിഴക്കേപറമ്പത്ത് അനീസ് മോന്‍(22), കോട്ടക്കല്‍ ഇന്ത്യനൂര്‍ ചെരട്ടവീട്ടില്‍ റിഷാദ്(21), ഒതുക്കുങ്ങല്‍ ആട്ടീരി കരിപ്പായില്‍ അബ്ദുല്‍ മജീദ്(24) എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ ട്രെയിന്‍ മാര്‍ഗ്ഗം ആന്ധ്രപ്രദേശിലെ തുനിയില്‍ നിന്നും കുറ്റിപ്പുറത്തെത്തി കോട്ടക്കലേക്ക് കടത്തുന്നതിനിടെയാണ് ഈ സംഘം പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയും എ്കസൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങളില്‍ കഞ്ചാവിന്റെ ചില്ലറ വ്യാപാരികള്‍ക്ക് നല്‍കുന്നതിനായി ആന്ധ്രയില്‍ നിന്നും എത്തിച്ചതാണ് ഈ കഞ്ചാവ്. ഇവര്‍ ഇതിനുമുമ്പും ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് പ്രാഥമിക വിവരം. വിശദമായ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്.

Related Articles