ദില്ലി : പശ്ചിമ മേഘലയില്‍ മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ . ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ആലോചിക്കുമെന്നാണ് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളം ഏറെ മുന്നോട്ട് പോയെന്നും അക്കാര്യം പരിഗണിച്ച് അന്തിമ തീരുമാനം എടുക്കണമെന്നും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടപ്പോള്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപന പ്രകാരമുള്ള ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന ആവശ്യത്തിന് താന്‍ മഹാരാഷ്ട്രക്കാരനാണെന്നും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പഠിച്ചിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
പശ്ചിമഘട്ട മേഖല സംരക്ഷണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഡല്‍ഹിയില്‍ പ്രകാശ് ജാവ്‌ദേക്കര്‍ യോഗം വിളിച്ചിട്ടുണ്ട്. ഇരു റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്ത് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം യോഗം കൈക്കൊള്ളും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള ഒരു വിഷയത്തിലും അനുകൂല മറുപടി കിട്ടിയിട്ടില്ല.
പശ്ചിമഘട്ട സംരക്ഷണത്തിനായി നിയോഗിച്ചിട്ടുള്ള പ്രെഫ: മാധവ് ഗാഡ്ഗില്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കര്‍ഷക ദ്രോഹകരമായ ഏറെ കാര്യങ്ങള്‍ കടന്ന് കൂടിയിരുന്നു. കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കസ്തൂരി രംഗന്‍ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിനും കര്‍ഷകരുടെ ആശങ്ക പരിഗണിക്കാനായിട്ടില്ല.




