സ്‌കൂളുകളുടെ പ്രവര്‍ത്തനം; മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് ഉന്നത തല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിലെ മാനദണ്ഡങ്ങളില്‍ ഇന്ന് തീരുമാനമാവും. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ഉന്നതതല യോഗം വിഷയം ചര്‍ച്ച ചെയ്യുന്നത്. വിദ്യാഭ്യാസആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. സംസ്ഥാന തലത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി യോഗം തയാറാക്കും.

വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ക്രമീകരണം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖകള്‍ തയ്യാറാക്കുകയാണ് വിദ്യാഭ്യാസആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള യോഗത്തിന്റെ പ്രധാന ലക്ഷ്യം. നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകള്‍. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.

അതേസമയം, കുട്ടികളുടെ യാത്രയ്ക്ക് ഗതാഗത വകുപ്പ് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത മാസം 20 ന് മുന്‍പ് സ്‌കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയാക്കും. മാത്രമല്ല, ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

 

 

Share news
error: Content is protected !!
Scroll to Top