കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകളെ തൊഴിലിലേക്കെത്തിക്കാന്‍ പൂര്‍ണ പിന്തുണ: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Full support to bring career break women to work: Minister Veena George

cite

‘പലവിധ കാരണങ്ങളാല്‍ തൊഴിലുപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ തിരിച്ച് തൊഴിലിലേക്കെത്തിക്കുക എന്നത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്നും, ഇക്കാര്യത്തില്‍ നോളെജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ ശിശുവികസന വകുപ്പിന്റെ പൂര്‍ണ പിന്തുണ’ ഉറപ്പുനല്‍കുന്നതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്കായി നോളെജ് ഇക്കോണമി മിഷന്‍ ആവിഷ്‌കരിച്ച ബാക്ക് ടു വര്‍ക്ക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയ രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

‘തൊഴില്‍ മേഖലയിലെ സ്ത്രീമുന്നേറ്റത്തില്‍ കേരളം രാജ്യത്ത് ഏറ്റവും മികച്ചതാണ്, എന്നാല്‍ ഇനിയും ധാരാളമായി സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നുവരണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സ്വകാര്യ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും കരിയര്‍ ബ്രേക്ക് ഉണ്ടായിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

പ്രൊഫഷണല്‍, ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറ്റവും കൂടുതലുള്ളത് പെണ്‍കുട്ടികളാണ്. എന്നാല്‍ തൊഴിലിലേക്കെത്തുമ്പോള്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നു. ഇവിടെയാണ് നോളെജ് ഇക്കോണമി മിഷന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാകുന്നത്. കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കി, നൈപുണ്യ പരിശീലനം നല്‍കി, തൊഴിലിലേക്ക് തിരികെ കൊണ്ടുവരാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന്’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജോലി ലഭിച്ചിട്ടും പോകാന്‍ കഴിയാത്തവരും, ജോലി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതുമായ അഞ്ചു ലക്ഷത്തോളം സ്ത്രീകള്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നോളെജ് മിഷന്റെ നേതൃത്വത്തില്‍ കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. വിട്ടുത്തരവാദിത്തവും വിവാഹവുമാണ് സ്ത്രീകള്‍ക്ക് തൊഴിലുപേക്ഷിക്കേണ്ടി വന്ന പ്രധാന കാരണങ്ങളായി സര്‍വേയില്‍ കണ്ടെത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 96.5 % പേരും ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 79.1% പേര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ പിന്തുണ ആവശ്യമാണ് എന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാക് ടു വര്‍ക്ക് പദ്ധതി ആരംഭിക്കുന്നത്. കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ അവസര സമത്വവും, വിദഗ്ധ പരിശീലനവും പിന്തുണയും നല്‍കി നവ-തൊഴില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അതിലൂടെ ‘ഇഷ്ടപ്പെട്ട തൊഴിലിലേക്കെത്താനുള്ള അവസരം ലഭിക്കുകയും ചെയ്യും .

പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടം 2023 ഡിസംബറില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന കോഴിക്കോട് സൗത്ത്, കുണ്ടറ, തൃക്കാക്കര, കഴക്കൂട്ടം, ചേര്‍ത്തല, ചാലക്കുടി എന്നീ നിയോജക മണ്ഡലങ്ങളിലല്‍ ആരംഭിച്ചു.2024 മാര്‍ച്ചില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാകും.

തിരുവനന്തപുരം ചൈത്രം ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ സ്വാമിനാഥ് ഡി എസ് സ്വാഗതം പറഞ്ഞു. പ്ലാനിങ്ങ് ബോര്‍ഡ് അംഗം മിനി സുകുമാര്‍, ഐ എം ജി ഫാക്കല്‍റ്റി ഡോ . അനീഷ്യ ജയദേവ് , യൂണിവേഴ്സിറ്റി കോളേജ് അധ്യാപിക ഡോ . വി ശാരദാദേവി, ടിസി മറിയം, ലാന്‍ഡ് ആന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടര്‍ കബനി സി, വിനോദ് ശങ്കര്‍ (അസാപ്) തുടങ്ങിയര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ നോളെജ് മിഷന്റെ ജനുവരി ലക്കം ന്യൂസ് ലെറ്റര്‍ ‘തൊഴിലരങ്ങത്തേക്ക് ‘ മന്ത്രി യൂണിവേഴ്സിറ്റി കോളേജ് അധ്യാപിക ശാരദാദേവിക്ക് നല്‍കി പ്രകാശനം ചെയ്തു. റീജിയണല്‍ പ്രോഗ്രാം മാനേജര്‍ സുമി എം എ കരിയര്‍ ബ്രേക്ക് സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ പ്രോജക്ട് മാനേജര്‍ അന്ന മിനി ക്രോഡീകരിച്ച് അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള 22 വിദഗ്ധര്‍ ശില്പശാലയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!