
നാഗർകോവിൽ : സ്വർണാഭരണം തട്ടിയെടുക്കാനായി നാല് വയസ്കാരനെ അയൽവാസിയായ സ്ത്രീ കൊലപ്പെടുത്തി അലമാരയിൽ അടച്ചു. മണവാളകുറിച്ചിക്ക് സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോൺ റിച്ചാർഡ് സഹായ സിൽജ ദമ്പതിമാരുടെ മകൻ ജോഹൻ റിഷി (4) യാണ് കൊല്ലപ്പെട്ടത്.
വീടിനുമുന്നിൽ കളിച്ചു കൊണ്ടിരിക്കുന്ന നാലു വയസ്സുകാരൻ ജോഹൻ റിഷിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താൻ ആകാത്തതിനാൽ പോലീസിൽ വിവരമറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ അയൽക്കാരിയായ ഫാത്തിമ എന്ന സ്ത്രീ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങൾ സമീപത്തെ ബാങ്കിൽ പണയം വെച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തുടർന്ന് ഇവർ ഫാത്തിമയുടെ വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് അലമാരയിൽ വായും കയ്യും കാലും തുണിയിൽ കെട്ടിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചു. ഫാത്തിമയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു. പിതാവ് വിദേശത്താണ്. അമ്മയും രണ്ട് കുട്ടികളും ആണ് വീട്ടിലുണ്ടായിരുന്നത്.




