ഗവേഷണനിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാല് പുതിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകള്‍. എം.എസ്സി. പ്രോഗ്രാമുകളായ ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, എം.എ. ഡെവലപ്മെന്റല്‍ സ്റ്റഡീസ് എന്നിവയാണ് പുതുതായി തുടങ്ങുന്നവ. ഓഗസ്റ്റില്‍ പ്രവേശന പരീക്ഷ നടത്തി സെപ്റ്റംബറില്‍ ക്ലാസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. റഗുലര്‍ രീതിയിലുള്ള കോഴ്‌സുകള്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരമായിരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് പരീക്ഷ നടത്തിയാണ് അഞ്ചുവര്‍ഷ കോഴ്സിന് പ്രവേശനം നല്‍കുക. സര്‍വകലാശാലാ കാമ്പസില്‍ ആദ്യമായാണ് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സ് തുടങ്ങുന്നത്.
ബി.വോക്. പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയുടെ പ്രാക്ടിക്കല്‍ പരീക്ഷാ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
*ബയോസയന്‍സ്*
ബയോസയന്‍സ് ‘ ഐസര്‍ ‘ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആകെ 20 സീറ്റാണുള്ളത്. ബയോളജിയാണ് പ്രധാന വിഷയം. ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവ അനുബന്ധ വിഷയങ്ങളാണ്. ഫങ്ഷണല്‍ ഇംഗ്ലീഷും പാഠ്യപദ്ധതിയില്‍ അടങ്ങുന്നുണ്ട്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി പുറത്തു പോകുന്ന രീതിയില്ല. കോഴ്‌സിന്റെ അവസാന വര്‍ഷം ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് അവസരം നല്‍കുമെന്ന് കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായ ഡോ. വി.എം. കണ്ണന്‍ പറഞ്ഞു.
അടുത്തിടെ കോഴ്സുകള്‍ നിര്‍ത്തലാക്കിയ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ കെട്ടിടങ്ങളും ലാബുകളുമെല്ലാമാണ് പുതിയ കോഴ്സുകള്‍ക്ക് പ്രയോജനപ്പെടുത്തുക. സര്‍വകലാശാലാ പഠനവകുപ്പിലെ സ്ഥിരം അധ്യാപകര്‍ക്ക് പുറമെ ആവശ്യമായ മറ്റു ഫാക്കല്‍റ്റികളെക്കൂടി നിയോഗിക്കും.
ബയോസയന്‍സിന്റെ മേല്‍നോട്ട സമിതി അംഗങ്ങളായ ഡോ. ഹരികുമാരന്‍ തമ്പി, ഡോ. ഇ. പുഷ്പലത, ഡോ. പി. സുനോജ് കുമാര്‍, ഡോ. സുബൈര്‍ മേടമ്മല്‍, യൂണിവേഴ്സിറ്റി അസി. എകിസ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്. രഞ്ജിത്ത്, അസി. എന്‍ജിനീയര്‍ സി.എസ്. ആദര്‍ശ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. ആവശ്യമായ നവീകരണ പ്രവവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
*കെമിസ്ട്രി, ഫിസിക്‌സ്*
സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ വരുന്ന ഇന്റഗ്രേറ്റഡ് കെമിസ്ട്രി, ഇന്റഗ്രേറ്റഡ് ഫിസിക്‌സ് എന്നിവക്ക് 15 സീറ്റ് വീതമാണുള്ളത്. പഠനവകുപ്പുകളിലെ പരമ്പരാഗത ബി.എസ്സി.-എം.എസ്സി. പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായുള്ള പുതുതലമുറ കോഴ്‌സുകളാകും.
ആദ്യ സെമസ്റ്ററുകളില്‍ ഒരേ പാഠ്യപദ്ധതിയാകും ഇവക്ക്. അതിന് ശേഷം അതത് പഠനവകുപ്പുകളില്‍ പഠനം തുടരാനാകുമെന്ന് കോഴ്സിന്റെ ചുമതല വഹിക്കുന്ന ഡോ. ആന്റണി ജോസഫ് പറഞ്ഞു.
*ഡെവലപ്‌മെന്റ് സ്റ്റഡീസ്*
ഏത് വിഷയത്തില്‍ പ്ലസ്ടു നേടിയവര്‍ക്കും എം.എ. ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പ്രവേശന പരീക്ഷ എഴുതാനാകും. 30 സീറ്റാണ് പരിഗണിക്കുന്നത്. സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പഠനങ്ങളിലൂടെ വികസനം സാധ്യമാക്കുന്നതിന്റെ ശാസ്ത്രീയ പഠനം വഴി നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാകും. ഇക്കണോമിക്സിന് തുല്യമായ
യു.ജി.സി. നെറ്റ് യോഗ്യത നേടാനാകും.
ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി എന്നിവയാണ് പ്രധാനമായും പാഠ്യപദ്ധതി ഉള്ളടക്കമെന്ന് ഇക്കണോമിക്‌സ് പി.ജി. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഡി. ഷൈജന്‍ പറഞ്ഞു.
എന്‍ജിനീയറിങ് പ്രവേശനത്തിന് മോക്ക് പരീക്ഷ
എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളേജ് 27-ന് ഓണ്‍ലൈന്‍ പരീക്ഷയുടെ മോക്ക് പരീക്ഷ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താഴെ തന്നിരിക്കുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാം. https://forms.gle/3LekyknaCAVQUcSs8




