പൊന്നാനി: രാത്രിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ വീട് തകര്‍ന്ന് വീണ് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്. പൊന്നാനി തെയ്യങ്ങാട് രായി മരക്കാര്‍ വീട്ടില്‍ സഫറുള്ളയുടെ ഓടിട്ട വീടാണ് തകര്‍ന്ന് വീണത്. സഫറുള്ള, ഭാര്യ ഷാജിത, മക്കളായ സഫ്‌ന, സജ്‌ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓടും മതിലും വീണ് സഫ്‌നയുടെ കാലിനും സജ്‌നയുടെ കൈയിനും പരിക്കേറ്റു. ഇവരുടെ എല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. സഫറുള്ളക്കും ഷാജിതക്കും മുഖത്താണ് പരിക്ക്.
ചൊവ്വ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീട് തകര്‍ന്ന് വീഴുന്നതിന് മുമ്പ് ചെറിയ മഴ പെയ്തിരുന്നു. ഉറക്കത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുന്ന ശബ്ദംകേട്ട് ഞെട്ടി ഉണര്‍ന്ന സഫറുള്ള നിലവിളിക്കുകയായിരുന്നു. ഭാര്യയുടെയും മക്കളുടെയും ദേഹത്തേക്ക് മതില്‍ വീഴാതിരിക്കാന്‍ സഫറുള്ള രണ്ട് കൈകൊണ്ടും മതിലിനെ താങ്ങിനിര്‍ത്തി.
ഇതിനിടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ചെറിയേരി സുഭാഷും മറ്റുള്ളവരും പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ശരീരത്തിലേക്ക് വീണ വീടിന്റെ കട്ടകള്‍ മുറിച്ച് മാറ്റിയാണ് മറ്റു മൂന്നുപേരെയും രക്ഷപ്പെടുത്തിയത്. നാലുപേരെയും പൊലീസ് വാഹനത്തില്‍തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




