മഴയിലും റോഡുപണി നടത്തുന്ന സാങ്കേതിക വിദ്യക്കായി പരിശ്രമം- മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വര്‍ഷം മുഴുവന്‍ നീളുന്ന തരത്തില്‍ സംസ്ഥാനത്ത് പെയ്ത മഴയില്‍ തകര്‍ന്ന റോഡുകള്‍ മഴ നില്‍ക്കുമ്പോള്‍ അറ്റകുറ്റപ്പണി നടത്താനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് പ്രവൃത്തികളിലെ കരാറുകാരുടെ ഉത്തരവാദിത്വ കാലയളവ് (ഡിഎല്‍പി) പ്രസിദ്ധപ്പെടുത്തുന്ന വെബ്സൈറ്റ് ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വര്‍ഷം മുഴുവന്‍ മഴ എന്ന സ്ഥിതിയിലേക്ക് നീങ്ങുമ്പോള്‍ അതിനെ മറികടക്കാനുള്ള നിര്‍മാണ രീതികള്‍ അനിവാര്യമായിരിക്കുകയാണ്. മഴയ്ക്കിടയിലും റോഡ് പണി നടത്താനുള്ള സാങ്കേതിക വിദ്യ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന പരിശോധന പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.

കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ ബാധിച്ചിരിക്കുന്നത് റോഡ് നിര്‍മാണത്തെയാണ്. വര്‍ഷം മുഴുവന്‍ മഴ എന്ന സ്ഥിതിയിലേക്ക് മാറി . ഈ വര്‍ഷമെത്തിയ എട്ട് ന്യൂനമര്‍ദം പൊതുമരാമത്ത് പ്രവൃത്തികളെ താളം തെറ്റിച്ചിട്ടുണ്ട്. നവംബര്‍ പകുതിയോടെ തുടങ്ങി മെയ് വരെയാണ് സംസ്ഥാനത്ത് വേഗത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നടക്കുക. മാര്‍ച്ച്, ഏപ്രില്‍ , മെയ് മാസങ്ങളില്‍ മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങളും നടക്കും. കാലവര്‍ഷ സമയത്തെ അറ്റകുറ്റപ്പണി സെപ്തംബറിലും ഒക്ടോബറിലും നടക്കും. മഴ മാറി നില്‍ക്കുന്ന സമയങ്ങളില്‍ പ്രവൃത്തി നടത്താനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. ഇത്തരമൊരു കാലാവസ്ഥ തുടര്‍ന്നാല്‍ പുതിയ രീതികള്‍ അവലംബിക്കേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

 

Share news
error: Content is protected !!
Scroll to Top