പാലക്കാട്: മുന്‍ ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് എ വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. പഞ്ചായത്തിലെ ഒളപ്പമണ്ണ സ്മാരക ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ പോയതെന്നാണ് എ വി ഗോപിനാഥിന്റെ വിശദീകരണം.
ഇതിനിടെ കോണ്‍ഗ്രസ് വിട്ടെന്നറിയിച്ച് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയ എ.വി. ഗോപിനാഥ് പാര്‍ട്ടിയിലേക്ക് മടങ്ങുമെന്ന് സൂചനകള്‍ വന്നിരുന്നു. പെരിങ്ങോട്ടുകുറിശ്ശി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ ഗോപിനാഥ് മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. ഗോപിനാഥിനുള്ള ജനപിന്തുണ ആര്‍ക്കും വിസ്മരിക്കാനാകില്ലെന്നായിരുന്നു ഉദ്ഘാടകനായ മുന്‍ എംഎല്‍എ സി.പി. മുഹമ്മദ് പ്രതികരിച്ചത്.
ഗോപിനാഥ് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗിക പരിപാടികളില്‍നിന്ന് ഭാഗികമായി വിട്ടുനില്‍ക്കുന്ന സ്ഥിതിയായിരുന്നു. അതേസമയം, പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ചാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും തന്റെ മടങ്ങിവരവായി ഇതിനെ കാണേണ്ടതില്ലെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.




