Section

malabari-logo-mobile

ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ തീരദേശ ജനതക്കുള്ള സര്‍ക്കാരിന്റെ സമര്‍പ്പണമാണ് താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയമെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ

HIGHLIGHTS : Minister says big development in Tanur in 50 years താനൂരില്‍ 50 വര്‍ഷത്തിനിടെ വലിയ വികസനമെന്ന് മന്ത്രി

മലപ്പുറം:  മലപ്പുറത്തിന്റെ ഹരമായ ഫുട്ബോളിനെ നെഞ്ചിലേറ്റിയ തീരദേശ ജനതയ്ക്കുള്ള സര്‍ക്കാറിന്റെ സമര്‍പ്പണമാണ് താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയമെന്ന് ഫിഷറീസ് മന്തി ജെ.മേഴ്‌സിക്കുട്ടി അമ്മ. സ്റ്റേഡിയം ജനകീയ പിന്തുണയോടെ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 50 വര്‍ഷത്തിനിടെയില്ലാത്ത കോടി കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് താനൂരില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. താനൂര്‍, പരപ്പനങ്ങാടി ഹാര്‍ബറുകള്‍, തീരദേശ സ്‌കൂളുകളുടെയും റോഡുകളുടെയും നവീകരണം, താനൂര്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ തുടങ്ങിയ ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കി താനൂര്‍ -പരപ്പനങ്ങാടി ഹാര്‍ബര്‍ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അധ്യക്ഷനായ വി.അബ്ദുറഹ്മാന്‍ എം.എല്‍.എ സ്റ്റേഡിയത്തിന്റെ ശിലാഫലകം അനാഛാദനം ചെയ്തു. സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ സ്ഥലം വിട്ടുനല്‍കിയും ഫണ്ട് അനുവദിച്ചും ഫിഷറീസ് വകുപ്പും സര്‍ക്കാറും മികച്ച പിന്തുണ നല്‍കിയെന്ന് എം.എല്‍.എ പറഞ്ഞു. സ്റ്റേഡിയം ആവശ്യപ്പെട്ടപ്പോള്‍ സ്റ്റേഡിയം കം ഷോപ്പിങ് കോംപ്ലക്സ് തന്നെ സര്‍ക്കാര്‍ അനുവദിച്ചെന്നും എം.എല്‍ .എ കൂട്ടിച്ചേര്‍ത്തു.
നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി സുഹറ റസാഖ്, വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.വി സൈനബ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി സൈതലവി എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ഒരേ സമയം 2,000 ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഗാലറിയും 28 കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്സും മറ്റ് ആധുനിക സൗകര്യങ്ങളോടെയാണ് ഉണ്യാലില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഫുട്ബോള്‍ ഗ്രൗണ്ട്, ജിംനേഷ്യം, ബാഡ്മിന്റന്‍ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, വിശ്രമ കേന്ദ്രം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കുന്നുണ്ട്. സ്റ്റേഡിയം നിര്‍മാണം പത്ത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് വി.അബ്ദുറഹ്മാന്‍ എം. എല്‍. എ പറഞ്ഞു. 4.95 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മാണം. ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗമാണ് സ്റ്റേഡിയത്തിന്റെ രൂപ രേഖ തയ്യാറാക്കിയത്. താനൂര്‍ ഉണ്യാലില്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂമി സ്റ്റേഡിയം നിര്‍മാണത്തിനായി അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!