താനൂര്‍: തീരദേശത്തെ അനധികൃത ഷെഡുകള്‍ നീക്കം ചെയ്യാനെത്തിയ പൊലീസ് ഉള്‍പ്പെടെയുള്ളവരെ നഗരസഭ കൗണ്‍സിലര്‍മാരും പ്രദേശവാസികളും തടഞ്ഞുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭ കൗണ്‍സിലറും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ എം.പി അഷ്‌റഫ് പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കടല്‍ഭിത്തിക്ക് മുകളില്‍ നിര്‍മ്മിച്ച അനധികൃത ഷെഡുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം നഗരസഭക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ അനധികൃത ഷെഡുകള്‍ ഏതെന്ന് പൊലീസ് തന്നെ തീരുമാനിക്കണമെന്ന് നഗരസഭ സെക്രട്ടറി പൊലീസിന് കത്തു നല്‍കിയെങ്കിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കത്ത് വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും എംപി അഷറഫ് ആരോപിച്ചു . എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായി പൊലീസ് ജെ.സി.ബിയും മറ്റു ഉപകരണങ്ങളുമായി കടപ്പുറത്ത് എത്തുകയായിരുന്നു.
പ്രത്യേക സാഹചര്യത്തില്‍ അവിടെ ആളുകള്‍ കൂട്ടം കൂടി ഇരിക്കുന്നത് ഉണ്ടാവാറില്ല. കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ ഷെഡുകള്‍ ജനകീയമായി നീക്കം ചെയ്യാം എന്ന തീരുമാനത്തില്‍ പൊലീസ് മടങ്ങുകയായിരുന്നെന്നും അഷറഫ് പറഞ്ഞു.
കൗണ്‍സിലര്‍മാരും ജനങ്ങളും പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്നതും അടിസ്ഥാന രഹിതമാണെന്നും, യാഥാര്‍ഥ്യം ഇതായിരിക്കെ മറിച്ചുള്ള പ്രചാരണം വാസ്തവ വിരുദ്ധവും അപലപനീയവുമാണെന്ന് എം.പി അഷ്‌റഫ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.




