HIGHLIGHTS : കാല്‍പന്ത്കളിയുടെ പോരാട്ടവീര്യത്തിന് മറികടക്കാനായില്ല കോവിഡ് എന്ന മഹാമാരിയെ. പരപ്പനങ്ങാടിയുടെ കായിക ഭുമികക്ക്
വി.കെ
കാല്‍പന്ത്കളിയുടെ പോരാട്ടവീര്യത്തിന് മറികടക്കാനായില്ല കോവിഡ് എന്ന മഹാമാരിയെ. പരപ്പനങ്ങാടിയുടെ കായിക ഭുമികക്ക് കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നു. ഇളയിടത്ത് ഹംസക്കോയ എന്ന കോയാക്ക നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു.
പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള ഇളയേടത്ത് അബുവിന്റെയും നഫീസയുടെയും അഞ്ചുമക്കളില്‍ രണ്ടാമത്തെ ആളായാണ് ഹംസക്കോയയുടെ ജനനം.
നാടിന് ഏറെ കലാ കായിക പ്രതിഭകളെ സംഭാവന ചെയ്ത, പരപ്പനങ്ങാടി ബിഇഎം സ്‌കൂളില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ മാന്ത്രിക ലോകത്തേക്ക് ഡ്രിബിള്‍ ചെയ്ത് കയറിയ ഹംസക്കോയയുടെ ജീവിതം എന്നും കായികപ്രേമികള്‍ പഠിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്.


സ്‌കൂള്‍ ജീവിതത്തില്‍ മികച്ച അത്‌ലറ്റ് ആയിരുന്ന ഹംസക്കോയ ഏതൊരു മലപ്പുറംകാരനെയും പോലെ ശ്വസിച്ചിരുന്ന ജീവവായു കാല്‍പന്തുകളിയുടെതു തന്നെയായിരുന്നു. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ പഠിക്കുന്ന കാലത്ത് കാലിക്കറ്റ് സര്‍വ്വകലാശാല ഫുട്‌ബോള്‍ ടീമിലിടം കണ്ടെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം തന്നെ ഫുട്‌ബോളായി മാറി.
മഹാരാഷ്ട്രയില്‍ മഫത്ത്‌ലാലും ടാറ്റാസുമടക്കമുള്ള വന്‍കിട ടീമുകള്‍ ഇന്ത്യന്‍ ക്ലബ് ഫുട്‌ബോള്‍ ലോകത്ത് സജീവമായ കാലമായിരുന്നു അത്. ഇന്ത്യന്‍ ടീമിനു വേണ്ടി ഒരു പരപ്പനങ്ങാടിക്കാരന്‍ പന്തു തട്ടുക എന്ന മഹത്തായ സ്വപ്‌നം മനസ്സില്‍ ചേര്‍ത്തുവെച്ച് ബോംബെയിലെ വെസ്‌റ്റേണ്‍ റെയില്‍വേ ടീമിലാണ് ഹംസക്കോയ തന്റെ ദേശീയ ഫുട്‌ബോള്‍ കരിയിര്‍ ആരംഭിക്കുന്നത്. അടുത്ത സീസണില്‍ തന്നെ ടാറ്റാസിന് വേണ്ടി അദ്ദേഹം ഒപ്പിട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ചുവര്‍ഷം പ്രബലരായ മഹാരാഷ്ട്രക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ചു. ഇക്കാലത്ത് തന്നെ യൂണിയന്‍ ബാങ്ക്, ഓര്‍ക്കേ മില്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക വേണ്ടിയും അദ്ദേഹം ജേഴ്‌സിയണിഞ്ഞു.ഇതിനിടെ ജീവിത സഖിയായി ഇന്ത്യന്‍ റെയില്‍വേസിലെ വോളിബോള്‍ താരം ലൈലയേയും ഒപ്പം ചേര്‍ത്തു.
ഇന്ത്യന്‍ ജേഴ്‌സിയണിയുക എന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറഞ്ഞു വരുന്ന ഫുട്ബോള്‍ എന്ന മാന്ത്രിക വിനോദം ആ സ്വപ്നത്തെ കപ്പിനും ചുണ്ടിനുമിടക്കു വച്ച് രണ്ടു തവണ തട്ടിമാറ്റി. 1983 ല്‍ സാഫ്ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും, അത്തവണ ടൂര്‍ണ്ണമെന്റിന് ഇന്ത്യ ടീമിനെ അയക്കാത്തതിനാല്‍ കളിക്കാനായില്ല. 84 ല്‍ മറ്റു പലതിലുമെന്ന പോലെ കായികരംഗത്തും നടക്കുന്ന ലോബിയിംങിന്റെ ഇരയായി ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ടീം സെലക്ഷനില്‍ തഴയപ്പെട്ടു.

അദ്ദേഹത്തിന്റെ മകനായ ലിഹാസ് കോയ ചരിത്രത്തിന്റെ ഒരു കാവ്യനീതി എന്നോണം ഇന്ത്യന്‍ സ്‌കൂള്‍ ടീമിനു വേണ്ടി ചൈനയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ഗോള്‍വലയം കാത്തപ്പോള്‍ വൈകിയാണെങ്കിലും മറ്റൊരു രൂപത്തില്‍ ആ സ്വപനം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.
കളിക്കളത്തില്‍തികഞ്ഞ കര്‍ക്കശബുദ്ധിയോടെ കളിച്ച അദ്ദേഹം ഒരു കാലത്തെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു. നാട്ടിലെത്തുമ്പോള്‍ തന്റെ പിന്‍തലമുറക്കാരെ ചേര്‍ത്തുപിടിച്ച്, ചുടലപറമ്പ് മൈതാനിയില്‍ കളിയുത്സവം തീര്‍ക്കുന്ന അദ്ദേഹത്തിന്റെ സ്‌നേഹമനുഭവിക്കാത്ത കളിക്കാര്‍ പരപ്പനങ്ങാടിയില്‍ കുറവാണ്. കായികരംഗത്തുള്ളവര്‍ ലഹരി ഉപയോഗിക്കുന്നതിനോട് അദ്ദേഹത്തിന് കടുത്ത എതിര്‍പ്പായിരുന്നു. ഇനിയുള്ള കാലം നാട്ടിലെത്തി ഫുട്‌ബോള്‍ പരിശീലനത്തിലടക്കം സജീവമാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
പരപ്പനങ്ങാടിയിലെ ഫുട്ബോള്‍ കാരണവന്‍മാരും, ചുടലപറമ്പുമാണ് എന്നെ വളര്‍ത്തിയതെന്ന് വിനയത്തോടെയും അഭിമാനത്തോടെയും പറയുന്ന അദ്ദേഹം എവിടപ്പോയാലും തന്റെ ശിഷ്ടജീവിതം നാട്ടില്‍ തുടരണം എന്ന് സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.

ഇതിനായി തന്നെയായിരുന്നു കേരളമെന്ന തുരുത്തിലേക്ക് അദ്ദേഹം രോഗവ്യാപനത്തിന്റെ ഭീതതമായ കാലത്ത് തിരിച്ചുവന്നത്. രണ്ടാഴ്ച മുന്‍പ് നാട്ടില്‍ കുടംബസമേതം എത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇതിനിടെ മകനും ഭാര്യക്കും കോവിഡ് സ്ഥിരീകരിക്കുയായിരുന്നു. തുടര്‍ന്ന് ഹംസക്കോയയേയും മരുമകളേയും, രണ്ട് പേരക്കുട്ടികളേയും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരുടെ രോഗവും സ്ഥിരീകരിച്ചു. പിന്നീട് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് ന്യൂമോണിയ പിടിപെട്ടത്. കൂടാതെ ഹൃദ്യയസംബന്ധമായ ചെറിയ പ്രയാസവും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ 6.30 ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. താന്‍ കളിച്ചുവളര്‍ന്ന പരപ്പനങ്ങാടിയിലെ പനയത്ത് പള്ളിയിലെ ആറടി മണ്ണില്‍ തന്നെ അടക്കം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം മാത്രം ആരവങ്ങളില്ലാതെ സാധിച്ചു നല്‍കി ഒരു നാടാകെ തേങ്ങുകയാണ്….