Section

malabari-logo-mobile

നിങ്ങളുടെ കൈപ്പുണ്യത്തില്‍ ആത്മവിശ്വാസമുണ്ടോ? എന്നാല്‍ ടൂറിസ്റ്റുകളെ വീട്ടിലെത്തിക്കാം

HIGHLIGHTS : തിരുവനന്തപുരം: വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. 'എക്സ്പീരിയന്‍സ് എത്നിക് കുസിന്‍' എ...

തിരുവനന്തപുരം: വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. ‘എക്സ്പീരിയന്‍സ് എത്നിക് കുസിന്‍’ എന്ന പേരില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന പദ്ധതിയില്‍ കൈപ്പുണ്യത്തില്‍ പ്രാവീണ്യമുള്ള ജില്ലയിലെ വീട്ടമ്മമാര്‍ക്കു ഭാഗമാകാം. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപ്പെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു മൂന്നു വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുവാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്ത കരകൗശല യൂനിറ്റുകള്‍, അച്ചാര്‍, ചിപ്സ്, പപ്പടം, പച്ചക്കറി, പാല്‍, മുട്ട തുടങ്ങിയ ഉത്പാദന യൂനിറ്റുകള്‍ക്കും വരുമാനം ലഭിക്കാന്‍ പദ്ധതി സഹായകമാകും.
പദ്ധതിയുടെ ഒന്നാം ഘട്ടം ജൂലൈയില്‍ ആരംഭിക്കും. രജിസ്ട്രേഷന് താത്പര്യമുള്ള വീട്ടമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും ജൂലൈ 25 നു മുന്‍പായി സംസ്ഥാന ടൂറിസം വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത ടൂറിസം മിഷന്‍ ഓഫീസിലോ അതതു ജില്ല ടൂറിസം ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയ്യാം. അംഗീകൃത ഹോം സ്റ്റേകള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് rt@keralaoturism.org എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കാം.

എന്താണ് പദ്ധതി

sameeksha-malabarinews

വീട്ടില്‍ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയില്‍ കേരളീയ ഭക്ഷണം തയ്യാറാക്കി നല്കുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കും. ഇവയെ ആധുനിക വിവര സാങ്കേതിക വിദ്യാ രീതികളുപയോഗിച്ചു സഞ്ചാരികള്‍ക്കു പരിചയപ്പെടുത്തും. ഇതില്‍ സംരംഭകരായി മാറുന്നതില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയിരിക്കും എന്നൊരു പ്രത്യേകതയുമുണ്ട്.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ അടങ്ങുന്ന ഒരു സമിതി സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം ആയിരിക്കും അവ ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് അതത് ജില്ലാ തലത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കും. ഒരു രണ്ടംഗ കുടുംബത്തിനു പോലും ഒരു മുഴുദിന ജീവനക്കാരന്റെ / ജീവനക്കാരിയുടെ സഹായത്തോടെ മുപ്പതു പേര്‍ക്കെങ്കിലും കേരളീയ ഭക്ഷണം തയ്യാറാക്കി നല്‍കുവാനും സുസ്ഥിരമായ വരുമാനം കണ്ടെത്താനുമാവും. പദ്ധതി എങ്ങനെ നടപ്പിലാക്കണം എന്ന കാര്യത്തില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കുകയും തയ്യാറെടുപ്പുകള്‍ നടത്താന്‍ ഒരു മാസത്തെ സമയവും നല്‍കും. ഉത്തരവാദിത്ത മിഷന്‍ പരിശോധിച്ച് അംഗീകരിക്കുന്ന ഓരോ സംരംഭകരെയും ലൊക്കേഷന്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം കേരള ടൂറിസത്തിന്റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ഉള്‍പ്പെടുത്തും. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലാണ് ടൂറിസം മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കാവുന്ന പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്. ‘എക്സ്പീരിയന്‍സ് എത്നിക് കുസിന്‍’ എന്ന പേരില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് ഭരണാനുമതി നല്‍കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!