Section

malabari-logo-mobile

വിവാഹ വീട്ടിലെ ഭക്ഷ്യവിഷബാധ; നടപടികള്‍ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

HIGHLIGHTS : Food poisoning in the wedding home; Department of Food Safety expedites proceedings

കോഴിക്കോട്: നരിക്കുനിയില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിവാഹ സല്‍ക്കാരത്തിലും വിരുന്നിലും ഭക്ഷണം വിതരണം ചെയ്ത സ്ഥാപനങ്ങളില്‍ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

വധൂഗൃഹത്തിലും വരന്റെ ഗൃഹത്തിലും വെവ്വേറെ വിരുന്നുകളാണ് നടന്നത്. വരന്റെ ഗൃഹത്തില്‍ രാത്രി ഏഴ് മണിയോടെ നടന്ന വിരുന്നില്‍ മന്തി, മയോണിസ്, ചിക്കന്‍ എന്നിവ വിതരണം ചെയ്ത ഫാസ്റ്റ് ബര്‍ഗര്‍ എന്ന കാറ്ററിങ് യൂണിറ്റില്‍ നടന്ന പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനവുമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് എന്ന് കണ്ടെത്തി. സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു. വരന്റെ ഗൃഹത്തില്‍ നിന്നും കാറ്ററിങ് യൂണിറ്റില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. വധുഗൃഹത്തില്‍ പാചകക്കാരന്‍ മുഖാന്തരം വീട്ടില്‍ തന്നെ തയ്യാറാക്കിയ മന്തി കഴിച്ച് ആര്‍ക്കും തന്നെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. ലൈംജ്യൂസ് തയ്യാറാക്കി നല്‍കിയിരുന്ന വെള്ളത്തിന്റെ സാമ്പിള്‍ റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

sameeksha-malabarinews

ഉച്ചക്ക് വിരുന്നില്‍ പങ്കെടുത്ത വനിതകള്‍ക്കായി നല്‍കിയ ഫുഡ് പാക്കറ്റിനകത്ത് ചിക്കന്‍ റോള്‍, കേക്ക്, മധുരം എന്നിവ വിതരണം ചെയ്തിരുന്നു. ഇത് കഴിച്ച പലരും ഭക്ഷ്യവിഷബാധ നേരിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേക്ക് തയ്യാറാക്കിയ നവീന്‍ ബേക്കറി എന്ന സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

ചിക്കന്‍ റോള്‍ തയ്യാറാക്കിയ സ്ഥാപനത്തില്‍ പോരായ്മകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ഒന്നുംതന്നെ പരിശോധനയ്ക്കായി ലഭ്യമായിട്ടില്ല. ഭക്ഷ്യവിഷബാധയേറ്റ പലരും കുഞ്ഞുങ്ങള്‍ ആയതിനാല്‍ ഇവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ഏഴു വയസ്സിനു മുകളിലുള്ള കുട്ടികളുടെ മൊഴികള്‍ മാത്രമാണ് കൃത്യമായിട്ടുള്ളത്. എല്ലാ ഭക്ഷണവും കഴിച്ചിട്ടും യാതൊരു കുഴപ്പമില്ലാത്ത കുട്ടികളും മന്തിയും പായ്ക്കറ്റ് ഭക്ഷണവും കഴിച്ച് രോഗാവസ്ഥയില്‍ എത്തിയവരും ഉണ്ട്.

ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വയറു വേദന, വയറിളക്കം, പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാംപിളുകള്‍ തുടര്‍ പരിശോധനയ്ക്കായി വൈറോളജി ലാബിലേക്ക് അയച്ചു. ആവര്‍ത്തിച്ചുവരുന്ന ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ജില്ലയില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുവിന്റെ സാമ്പിളുകള്‍ സീല്‍ ചെയ്ത പാക്കറ്റില്‍ ഫ്രീസറില്‍ രണ്ട് ദിവസങ്ങള്‍ എങ്കിലും സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാല്‍ പരിശോധനക്കായി ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എം.ടി. ബേബിച്ചന്‍ അറിയിച്ചു. ജില്ലയിലെ എല്ലാ കാറ്ററിംഗ് യുണിറ്റകളെയും ഉള്‍പ്പെടുത്തി വരും ദിവസങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!