Section

malabari-logo-mobile

റാഗി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി

HIGHLIGHTS : Food Minister said ragi will be distributed through ration shops

സംസ്ഥാനത്തിനുള്ള ഗോതമ്പ് വിഹിതം നിര്‍ത്തലാക്കിയ കേന്ദ്രം പകരം നല്‍കാമെന്നേറ്റ റാഗി സംസ്ഥാനത്ത് എത്തിച്ച്, മില്ലുകളില്‍ ശുദ്ധീകരിച്ച് ഒരു കിലോ വീതമുള്ള പാക്കറ്റുകളാക്കി റേഷന്‍കടകള്‍ മുഖേന വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല വിജിലന്‍സ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ത്തലാക്കിയ ഗോതമ്പ് പുന:സ്ഥാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോതമ്പിന് പകരം അനുവദിച്ച റാഗി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) കര്‍ണാടകയിലെ ഗോഡൗണില്‍ നിന്നാണ് എത്തിക്കേണ്ടത്. എന്നാല്‍ ആദ്യ തവണ കര്‍ണാടകയില്‍ പോയി റാഗിയുടെ ഗുണനിലവാരം പരിശോധിച്ച സപ്ലൈകോ ഉദ്യോഗസ്ഥര്‍ തൃപ്തി പ്രകടിപ്പിച്ചില്ല. രണ്ടാമതും പോയി പരിശോധന നടത്തി ഗുണനിലവാരം ബോധ്യപ്പെട്ട 687 മെട്രിക് ടണ്‍ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക.

sameeksha-malabarinews

സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഒരു റേഷന്‍ കടയിലൂടെ റാഗി ആദ്യഘട്ടത്തില്‍ വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് ഭക്ഷ്യമന്ത്രി വിശദീകരിച്ചു. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗി ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നറിഞ്ഞശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കും. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ കൂടുതല്‍ റേഷന്‍ കടകള്‍ വഴി റാഗി വിതരണം ചെയ്യും.

ഗോതമ്പ് സംസ്ഥാനത്തിന് അനുവദിച്ച അതേ നിരക്കില്‍ തന്നെയായിരിക്കും റാഗിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുക. ആദിവാസി മേഖലയില്‍ നേരത്തെ വളരെ വ്യാപകമായിരുന്ന റാഗി, ചാമ ഭക്ഷ്യവിളകള്‍ പുന:സ്ഥാപിക്കാന്‍ റാഗി വിതരണം വഴിയൊരുക്കുമെന്ന് യോഗത്തില്‍ സംസാരിച്ച സമിതി അംഗം ചൂണ്ടിക്കാട്ടി.

ഗോത്രവര്‍ഗ്ഗക്കാരുടെ ആരോഗ്യ മികവിന്റെ പ്രധാനകാരണം അവരുടെ തനത് റാഗി വിഭവങ്ങള്‍ ആയിരുന്നു. റേഷന്‍ കടകളിലൂടെ റാഗി വിതരണം ചെയ്യാനുള്ള പദ്ധതി ഗോത്ര മേഖലയിലെ തനത് ഭക്ഷണ പാരമ്പര്യം തിരികെ പിടിക്കാനും അതുവഴി ഗോത്ര മേഖലയുടെ ശാക്തീകരണത്തിനും വഴിയൊരുക്കുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഒപ്പം പോഷകദായകമായ റാഗി ഭക്ഷണക്രമം പൊതുജനങ്ങളുടെ താല്‍പ്പര്യമനുസരിച്ച് എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സാധിക്കും.

ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഭക്ഷ്യ, കൃഷി, പട്ടികജാതി-പട്ടിക വര്‍ഗ്ഗ വകുപ്പുകള്‍ സംയോജിപ്പിച്ച് ഗോത്ര മേഖലയുടെ തനത് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ നടക്കുന്നതായി മന്ത്രി മറുപടി നല്‍കി. റാഗി ഭക്ഷണത്തിന്റെ പോഷകവശങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനായി മില്ലറ്റ് ഫുഡ് ഫെസ്റ്റിവല്‍ നടത്തുന്നത് ആലോചിക്കും, സപ്ലൈകോയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്ന എഫ്.സി.ഐയുടെ പാക്കിംഗ് മോശമാകുന്നത് കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നതായി സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പട്‌ജോഷി ചൂണ്ടിക്കാട്ടി. ബാഗ് പൊട്ടുന്നതിനെ തുടര്‍ന്ന് റീബാഗിംഗ് ചെയ്തു വരുമ്പോള്‍ തൂക്കത്തില്‍ കുറവ് വരുന്നുണ്ട്. തൊഴിലാളികള്‍ ഹുക്ക് ഉപയോഗിച്ച് ചാക്ക് കൈകാര്യം ചെയ്യുന്നത് വഴി തുളകള്‍ വീണും ധാന്യ നഷ്ടം സംഭവിക്കുന്നു. ബാഗുകളുടെ കാര്യത്തില്‍ പണ്ടത്തേതിനേക്കാള്‍ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നും എഫ്.സി.ഐയുടെ സ്മാര്‍ട്ട് ബാഗുകള്‍ ഉടന്‍ ലഭ്യമാകുമെന്നും എഫ്.സി.ഐ പ്രതിനിധി യോഗത്തെ അറിയിച്ചു.

സപ്ലൈകോ സാധനങ്ങള്‍ എത്തിക്കുന്ന ലോറികളില്‍ 579 എണ്ണത്തില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചതായി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഇനി നൂറില്‍പരം ലോറികള്‍ മാത്രമേ ജി.പി.എസ് ഘടിപ്പിക്കാനായി ബാക്കിയുള്ളൂ. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും

സബ്‌സിഡി ഇനങ്ങള്‍ വാങ്ങുമ്പോള്‍ മാനുവലായി ബില്‍ എന്റര്‍ ചെയ്യുന്നതിനു പകരം റേഷന്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് ആയിരിക്കും ഇനി സബ്‌സിഡി ലഭ്യമാക്കുക. ചില കേന്ദ്രങ്ങളില്‍ നിന്ന് സബ്‌സിഡി ദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രേഡിംഗ് ചെയ്യുന്ന നടപടി പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഇ-പോസ് മെഷീന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഈ മാസം 17 ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന ഐ.ടി മിഷന്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) ഹൈദരാബാദ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സൗജന്യ അരി വിതരണം ചെയ്യുന്ന ക്ഷേമകാര്യ സ്ഥാപനങ്ങളില്‍ എത്ര അന്തേവാസികള്‍ ഉണ്ട് എന്നതിനെക്കുറിച്ച കൃത്യമായ വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ എല്ലാ വകുപ്പുകളും സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കൃത്യമായ കണക്ക് കേന്ദ്രത്തില്‍ ധരിപ്പിച്ച് അര്‍ഹമായ ഭക്ഷ്യധാന്യം നേടിയെടുക്കാനാണിത്.

കേന്ദ്ര സര്‍ക്കാരിന്റെ അന്നപൂര്‍ണ പദ്ധതി സംസ്ഥാനത്തിന് പ്രയോജനപ്പെടാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഏകദേശം 44,000 ത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനം ലഭിക്കേണ്ട പദ്ധതിക്ക് നിലവിലെ മാനദണ്ഡപ്രകാരം അര്‍ഹരായി 199 പേര്‍ മാത്രമേ സംസ്ഥാനത്തുള്ളൂ. 65 വയസ്സിനു മുകളിലുള്ള അഗതികളും സാമൂഹ്യ പെന്‍ഷന്‍ വാങ്ങാത്തവരും ആയിരിക്കണം പദ്ധതി ഗുണഭോക്താക്കള്‍ എന്ന മാനദണ്ഡം മൂലമാണിത്. പെന്‍ഷന്‍ വാങ്ങുന്നവരെ ഇക്കാര്യത്തില്‍ നിന്ന് ഒഴിവാക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

സംസ്ഥാനത്ത് വേണ്ടത്ര പുഴുക്കലരി വിതരണം ചെയ്യാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. പച്ചരിയും സമ്പുഷ്ടീകരിച്ച പുഴുക്കലരിയും മാത്രമാണ് സ്റ്റോക്ക് ഉള്ളത് എന്നാണ് എഫ്.സി.ഐയില്‍ നിന്ന് ലഭിച്ച മറുപടി. 2023 മുതല്‍ ക്രമാനുഗതമായി സമ്പുഷ്ടീകരിച്ച അരി മാത്രം വിതരണം ചെയ്താല്‍ മതി എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണ്

സമ്പുഷ്ടീകരിച്ച പുഴുക്കലരി ലഭ്യമാകുന്നത് എന്ന് എഫ്.സി.ഐ പ്രതിനിധി വക്തമാക്കി. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ എടുക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

യോഗത്തില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ജോണ്‍ ബ്രിട്ടാസ് എം.പി, എം.എല്‍.എമാരായ കെ പി മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മോന്‍സ് ജോസഫ്, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷ, ഇമ്പശേഖര്‍, എഫ്.സി.ഐ, ഭക്ഷ്യ-പൊതുവിതരണ- സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!