പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് എം അബ്ദുള്‍ ഗഫൂറിന് ബഹുമതി

നിലമ്പൂര്‍: അര്‍ഹതയ്ക്കുള്ള അംഗീകാരമായി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന് ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണര്‍. കഴിഞ്ഞ വര്‍ഷത്തെ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും അകപ്പെട്ട നൂറലധികം പേരുടെ ജീവന്‍ രക്ഷിക്കാനും നിരവധി പേരെ സുരക്ഷിത ഇടങ്ങളില്‍ എത്തികാനും ജീവന്‍പണയപ്പെടുത്തിയാണ് നിലമ്പൂരില്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന പ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ജനകീയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അദേഹത്തിന് ബഹുമതി ലഭിച്ചിരിക്കുന്നത്.

മമ്പാട് തോണിക്കടവില്‍ വീടിനുടുത്ത് മണ്ണിടിഞ്ഞ് അതിനുള്ളില്‍ പെട്ടുപോയ രണ്ടുപേരെ രക്ഷപ്പെടുത്തിയതും ഗഫൂറിന്റെ സംഘമായിരുന്നു. ഇതിനുപുറമെ ജില്ലാ ഫയര്‍ ഫോഴ്സ് ടീമിനെ പരിശീലിപ്പിച്ച് ആഗസ്ത് 15 ന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ അണ്‍ ആംഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാനും സാധിച്ചിരുന്നു. ഫെബ്രുവരിയില്‍ നാഗ്പൂരില്‍ നടന്ന ദേശീയ ഫയര്‍ സര്‍വീസ് ഗെയിംസില്‍ കേരള ഫയര്‍ ഫോഴ്സ് ഫുട്‌ബോള്‍ ടീം ജേതാക്കളായത് ഗഫൂറിന്റെ നേതൃത്വത്തിലായിരുന്നു. ‘കമ്മ്യൂണിറ്റിറെസ്‌ക്യൂ വളണ്ടിയര്‍ സ്‌കീം’ നിലമ്പൂര്‍ മേഖലയില്‍ ഫലപ്രദമായി നടപ്പാക്കി. ഇത് സേനക്ക് ജനകീയ മുഖം സമ്മാനിച്ചു . വിവിധ വിദ്യാഭ്യാസ,വ്യവസായ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും കെട്ടിടങ്ങളിലെ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ പരിശോധന നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗുണപ്രദമായിരുന്നു.

വരുന്ന ദിവസം തിരുവനന്തപുരം ഫയര്‍ ഫോഴ്സ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ വെച്ച് ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്‍ ‘ബാഡ്ജ് ഓഫ് ഓണര്‍’ സമ്മാനിക്കും. അരീക്കോട് കുനിയില്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ രണ്ടുവര്‍ഷമായി നിലമ്പൂര്‍ ഫയര്‍ സ്റ്റേഷനില്‍ സ്റ്റേഷന്‍ ഓഫീസര്‍ ആയി ജോലി ചെയ്തുവരികയാണ് . ഭാര്യ:സഫ വര്‍ധ. മക്കള്‍:അഫ്ലനൗറിന്‍,അമല്‍ റോഷന്‍.

Related Articles