Section

malabari-logo-mobile

പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീ വിതരണം ചെയ്തത് 4000ത്തിലധികം കിറ്റുകള്‍

HIGHLIGHTS : മലപ്പുറം: ജില്ലയിലെ പ്രളയബാധിതര്‍ക്ക് അതിജീവനത്തിലേക്ക് കൈത്താങ്ങു പകരുകയാണ് കുടുംബശ്രീ. പ്രളയക്കെടുതി മൂലം എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സഹാ...

മലപ്പുറം: ജില്ലയിലെ പ്രളയബാധിതര്‍ക്ക് അതിജീവനത്തിലേക്ക് കൈത്താങ്ങു പകരുകയാണ് കുടുംബശ്രീ. പ്രളയക്കെടുതി മൂലം എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായമാവാന്‍ എം.എസ്.പിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച കളക്ഷന്‍-പാക്കിങ് സെന്ററിലൂടെ ഇതുവരെ വിതരണം ചെയ്തത് 4000ത്തിലധികം കിറ്റുകള്‍. ഏകദേശം അര കോടിയലധികം വിലയുടെ സാധനങ്ങളാണ് ഇതുവരെ നല്‍കിയത്. ക്യാമ്പില്‍ നിന്ന് തിരികെ മടങ്ങുന്നവര്‍ക്ക് ഒരു കുടുംബത്തിലേക്കാവശ്യമായ എല്ലാ സാധനങ്ങളും അടങ്ങുന്ന കിറ്റാണ് കളക്ഷന്‍ സെന്ററിലൂടെ പാക്ക് ചെയ്ത് വിതരണം ചെയ്തത്. അഞ്ചു കിലോ അരി, പരിപ്പ്, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങി ടൂത്ത് പേസ്റ്റ് വസ്ത്രങ്ങളും വരെ അടങ്ങുന്ന 24 വിധം സാധനങ്ങളാണ് ഒരു കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലാ മിഷന്‍ ജീവനക്കാരും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും അക്കൗണ്ടന്റുമാരും സപ്പോര്‍ട്ടിങ് ടീമും ഉള്‍പ്പെടെയുള്ള സംഘമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ കര്‍മനിരതരാകുന്നത്. സാധനങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കുകയും പാക്ക് ചെയ്ത് കിറ്റുകളാക്കി കയറ്റിവിടുകയും ചെയ്യുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്.
ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ അയല്‍ക്കൂട്ടാംഗങ്ങളില്‍ നിന്നും ശേഖരിച്ച കിറ്റുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയുടെയും സി.ഡി.എസ് ഭരണ സമിതിയുടെയും നേതൃത്വത്തിലാണ് ഇതുവരെ എത്തിച്ചു നല്‍കിയത്. വിവിധ സി.ഡി.എസുകള്‍ നേരിട്ട് ജില്ലയില്‍ പ്രളയം ബാധിച്ച സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കി. കൂടാതെ ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷനുകള്‍, സി.ഡി.എസുകള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നായി അവശ്യ സാധനങ്ങള്‍ കളക്ഷന്‍ സെന്ററുകളിലേക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു.
പ്രളയസമയത്ത് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, നാപ്കിന്‍, ഇന്നര്‍വെയര്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എന്നിവ പ്രാദേശികമായി ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വം നല്‍കി. വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയതോടെ ചെളിയും മണ്ണും നിറഞ്ഞ നിരവധി വീടുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കാന്‍ സന്നദ്ധ സേവകരായി സി.ഡി.എസ് അംഗങ്ങളുടെ അയല്‍ക്കൂട്ടാംഗങ്ങളും മുന്നിട്ടിറങ്ങി. വെള്ളപ്പൊക്കത്തില്‍ മലിനമായ കിണര്‍ വെള്ളം ശുചീകരിക്കുകയും കിണറുകളില്‍ ക്ലോറിനേഷന്‍ നടതതുകയും ചെയ്തു. കൂടാതെ 20- ഓളം വരുന്ന കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും 1500-ലധികം വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിങ് നല്‍കി. ക്യാമ്പിലെ കൊച്ചുകുട്ടികള്‍ക്കായി ന്യൂട്രിമിക്‌സ് യൂനിറ്റുകള്‍ വഴി അമൃതം പൊടി നല്‍കി.
നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്റ്റിന്റെ ആസ്ഥാനമായ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിന്റെ (പി.എം.യു) സഹകരണത്തോടെ നിലമ്പൂരില്‍ ചാലിയാര്‍, പോത്തുകല്‍, ചുങ്കത്തറ, കരുളായി, എടക്കര, മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിലെ നിരവധി ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കി. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ക്യാമ്പിലുള്ളവര്‍ക്ക് സുരക്ഷാ സംബന്ധവും ആരോഗ്യ സംബന്ധവുമായ ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കി. ക്ലീനിംഗിനു മുമ്പ് കഴിക്കേണ്ട ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!