ക്യാമ്പുകളില്‍ 2,27, 333 പേര്‍, മരണം 60

തിരുവനന്തപുരം: സംസ്ഥാനത്ത് 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണ് നിലവില്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതു മണിവരെയുള്ള കണക്കനുസരിച്ച് 60 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
അണക്കെട്ടുകളുടെ സ്ഥിതിയില്‍ ശനിയാഴ്ചത്തേക്കാള്‍ ചെറിയ വ്യത്യാസമേ വന്നിട്ടുള്ളു. ഇടുക്കിയിലെ ജലസംഭരണം 36.61 ശതമാനമായിട്ടുണ്ട്. പമ്പയില്‍ 63.36 ശതമാനവും കക്കിയില്‍ 38.13 ശതമാനവുമാണ് വെള്ളമുള്ളത്. കുറ്റ്യാടി, ബാണാസുര സാഗര്‍, പെരിങ്ങല്‍കുത്ത് അണക്കെട്ടുകളിലാണ് വെള്ളം നിറഞ്ഞിട്ടുള്ളത്. പെരിങ്ങല്‍കുത്തില്‍ കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 90.47 ശതമാനം വെള്ളമുണ്ടായിരുന്നത് ഇത്തവണ 67.03 ശതമാനമാണ്. വൈദ്യുതി ബോര്‍ഡിന്റെ പ്രധാനപ്പെട്ട എട്ട് അണക്കെട്ടുകളും കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ അഞ്ച് ഇടത്തരം അണക്കെട്ടുകളുടെയും മൂന്ന് ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
മഴ പൊതുവെ അല്‍പം കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായമായിട്ടുണ്ട്. വിവിധതരത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് പ്രളയബാധിത പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. മലയോര മേഖലകളിലാണ് പ്രധാനമായും ദുരന്തമുണ്ടായത്. മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ മണ്ണിനടിയില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സേനയും അഗ്നിശമന സേനയുമടക്കം രംഗത്തുണ്ട്. അവിടെ തുടര്‍ന്നും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത് പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. അഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ അവിടെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം കേന്ദ്ര ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകളും എന്‍ജിനീയറിങ് വിഭാഗത്തിന്റെ ഒരു ടീമും മദ്രാസ് റെജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ടീമും രംഗത്തുണ്ട്.
മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ടീമും ഉണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനരംഗത്തുള്ളത്. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍ ഭക്ഷണമെത്തിക്കാനും ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നു. മലപ്പുറത്ത് മഴ കുറഞ്ഞതുകൊണ്ട് നദികളിലെ വെള്ളം താഴ്ന്നുവരികയാണ്. പത്ത്, പന്ത്രണ്ടടി കനത്തില്‍ മണ്ണുവീണ് ചെളിയായതുകൊണ്ട് രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ദുഷ്‌കരമായിരിക്കുകയാണ്. ഇതാണ് മണ്ണിനടിയില്‍പ്പെട്ടവരെ പുറത്തെടുക്കുന്നതിന് തടസ്സമായി ഇപ്പോഴും നില്‍ക്കുന്നത്. ഇതുതന്നെയാണ് മേപ്പാടിയിലെയും അവസ്ഥ.
വയനാട്ടില്‍ ദാരുണമായ ഉരുള്‍പൊട്ടലും നാശനഷ്ടവും ഉണ്ടായ മേപ്പാടി പഞ്ചായത്തിലെ പുത്തുമല ഭാഗത്ത് ഞായറാഴ്ച രാവിലെ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇനി എട്ടുപേരെയാണ് കണ്ടെത്താനുള്ളത്. ഒമ്പത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മഴ മാറിനില്‍ക്കുന്നതിനാല്‍ പുത്തുമലയിലും കവളപ്പാറയിലും ഞായറാഴ്ച നല്ലരീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഉരുള്‍പ്പൊട്ടിയ ഈ പ്രദേശത്തിന് മറുവശത്തായി ഏകദേശം മൂന്ന് വാര്‍ഡുകളില്‍പെട്ട രണ്ടായിരത്തിനും മൂവായിരത്തിനും ഇടയ്ക്ക് ആളുകള്‍ താമസമുണ്ടായിരുന്നു. അവിടെ നിന്നും ഏകദേശം 70 ശതമാനത്തോളം പേരെയും സാഹസികമായി ഫോര്‍വീല്‍ ജീപ്പുകള്‍ ഉപയോഗിച്ച് മറുകരയ്ക്ക് എത്തിക്കാനായി. ഞായറാഴ്ചകൊണ്ട് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതിനുപുറമെ മറുകരയില്‍ റാണിമല എന്ന പ്രദേശത്ത് ഒറ്റപ്പെട്ടുപോയ 60ഓളം പേരെ വനത്തിലൂടെയുള്ള 10 കിലോമീറ്റര്‍ സഞ്ചരിച്ച് മറുകരയില്‍ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. അവശേഷിക്കുന്നവര്‍ക്ക് താല്‍ക്കാലിക ക്യാമ്പ് ആരംഭിച്ചു.
ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കുമ്പോള്‍ നദിയുടെ ഇരുവശത്തും ഏകദേശം ഒന്നരമീറ്റര്‍ അളവില്‍ വെള്ളം പൊങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു ദിവസം കൊണ്ടുതന്നെ പതിനൊന്നായിരത്തില്‍പരം ആളുകളെയാണ് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചത്. വയനാട് ജില്ലയില്‍ അപകടനില തരണംചെയ്തു എന്ന ആശ്വാസമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles