കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ പെട്ട ഒന്നര വയസ്സുകാരന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

മലപ്പുറം: കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ കാണാതായ മൂന്ന് പേരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഗീതു(22),ഒന്നര വയസുള്ള മകന്‍ ധ്രുവ് എന്നിവരുടെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ഗീതുവിന്റെ ഭര്‍ത്താവ് ശരത്തിന്റെ അമ്മ സരോജിനിയെയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തില്‍ ശരത് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മൂന്ന് ദിവസത്തെ തിരച്ചിലിനുശേഷമാണ് രണ്ടുപേരുടെ മൃതദേഹം കിട്ടിയത്. മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തെരച്ചില്‍ നിര്‍ത്തിയിരുന്നു. സ്ഥലത്ത് പോലീസും റവന്യു ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനത്ത മഴയില്‍ കോട്ടക്കുന്നില്‍ മണ്ണിടിച്ചിലുണ്ടായി കുടുംബം അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.

Related Articles