Section

malabari-logo-mobile

‘ഫസ്റ്റ്ബെല്‍ 2.0’ ഡിജിറ്റല്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

HIGHLIGHTS : 'FirstBell 2.0' Digital Entry Celebration June 1st

തിരുവനന്തപുരം: ‘ഫസ്റ്റ്ബെല്‍ 2.0’ -ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ജൂണ്‍ ഒന്നിന് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതല്‍ സംപ്രേഷണം ചെയ്യുക. രാവിലെ 10.30-ന് അംഗനവാടി കുട്ടികള്‍ക്കുള്ള പുതിയ ‘കിളിക്കൊഞ്ചല്‍ ക്ലാസുകള്‍’ ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയര്‍ തുടങ്ങിയ സിനിമാതാരങ്ങള്‍ കൈറ്റ് വിക്ടേഴ്സിലൂടെ കുട്ടികള്‍ക്ക് ആശംസകളര്‍പ്പിക്കും.

രാവിലെ 11 മുതല്‍ യു.എന്‍ ദുരന്ത നിവാരണ വിഭാഗത്തലവന്‍ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യല്‍ പോളിസി അഡൈ്വസര്‍ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്ന് മണിവരെ ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.
ജൂണ്‍ രണ്ട് മുതല്‍ നാലു വരെ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ ഏഴ് മുതലും ആരംഭിക്കും.

sameeksha-malabarinews

ആദ്യ രണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്സിലൂടെ ക്ലാസുകള്‍ നല്‍കുക. ഈ കാലയളവില്‍ മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ കാണാന്‍ അവസരമുണ്ടെന്ന് അതത് അധ്യാപകര്‍ക്ക് ഉറപ്പാക്കാനുള്ള അവസരം നല്‍കാനാണ് ആദ്യ ആഴ്ചകളിലെ ട്രയല്‍ സംപ്രേഷണം. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍ ക്ലാസുകള്‍.

ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനുള്ള പ്രവര്‍ത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ജൂലൈ മുതല്‍ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവന്‍ ക്ലാസുകളും ഈ വര്‍ഷവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ത്തന്നെ ലഭ്യമാക്കും. സമയക്രമവും പോര്‍ട്ടലില്‍ ലഭ്യമാക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൈറ്റ് സ്റ്റുഡിയോയിലെത്തി ക്ലാസുകള്‍ തയ്യാറാക്കുന്നത് അവലോകനം ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!